പ്രധാനമന്ത്രിയുടെ വിരുന്നിൽ മണിപ്പൂർ വിഷയം ഉന്നയിച്ചില്ല; വിമർശിച്ച് മർത്തോമ സഭ ബിഷപ്പ്

മണിപ്പൂർ വിഷയത്തിൽ നാവ് അടങ്ങി പോയെങ്കിൽ അത് വിട്ടുവീഴ്ച ചെയ്യലാണെന്നും അതിൽ നിന്ന് സഭ വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിരുന്നിൽ മണിപ്പൂർ വിഷയം ഉന്നയിക്കാത്തതില് വിരുന്നിൽ പങ്കെടുത്തവരെ വിമർശിച്ച് മർത്തോമ സഭ ബിഷപ്പ് ഡോ. അബ്രഹാം മാർ പൗലോസ്. വിരുന്നിലെ പ്രസംഗത്തിനിടെ മണിപ്പൂരിനെ കുറിച്ച് പറയാമായിരുന്നു. പറയേണ്ട കാര്യങ്ങൾ ധൈര്യത്തോടെ പറയാൻ കഴിയണം. എന്ത് കൊണ്ട് അവർ അത് പറഞ്ഞില്ല എന്ന ചോദ്യം സമൂഹം ഉന്നയിക്കുകയാണെന്നും മർത്തോമ സഭ ബിഷപ്പ് പറഞ്ഞു.

ഇന്ന് ശബ്ദിച്ചില്ലെങ്കിൽ ഒരിക്കലും ശബ്ദിക്കേണ്ടി വരില്ല. മണിപ്പൂർ വിഷയത്തിൽ ധൈര്യത്തോടെ വിരൽ ചൂണ്ടാൻ മറന്നുപോകുന്നു. മണിപ്പൂർ വിഷയത്തിൽ നാവ് അടങ്ങി പോയെങ്കിൽ അത് വിട്ടുവീഴ്ച ചെയ്യലാണെന്നും അതിൽ നിന്ന് സഭ വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചത് അംഗീകരിക്കുന്നു; കെസിബിസി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ സഭാപ്രതിനിധികൾ പങ്കെടുത്തത് ചർച്ചയായിരുന്നു. മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് ബിഷപ്പുമാർ മോദിയോട് ചോദിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ചില ബിഷപ്പുമാര്ക്ക് ബിജെപി നേതാക്കള് വിളിച്ചാല് പ്രത്യേക രോമാഞ്ചമാണെന്നും മുന്തിരി വീഞ്ഞും കേക്കും ആസ്വദിക്കുന്നതിനാണ് അവര് മുന്ഗണന നല്കിയതെന്നുമുള്ള സജി ചെറിയാന്റെ പരാമര്ശവും വിവാദമായിരുന്നു.

To advertise here,contact us