പ്രതിപക്ഷ നേതാവ് ഇരുമ്പുവടികളുമായി ഒരു സംഘത്തെ നയിക്കുന്നു, ക്രിമിനൽ ആരാണെന്ന് കേരളം കണ്ടു:പി രാജീവ്

'നവകേരള സദസ്സിൻ്റെ വിജയം പ്രതിപക്ഷ നേതാവിൻ്റെ നിലതെറ്റിച്ചു'

തിരുവനന്തപുരം: നവകേരള സദസ്സിൻ്റെ വിജയം പ്രതിപക്ഷ നേതാവിൻ്റെ നിലതെറ്റിച്ചുവെന്ന് മന്ത്രി പി രാജീവ്. കോൺഗ്രസിന് സഹിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും അതിൻ്റെ ഭാഗമായി എന്തൊക്കെയോ ചെയ്യുന്നു എന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷ നേതാവ് ഇരുമ്പുവടികളുമായി ഒരു സംഘത്തെ നയിക്കുന്നു. ആരാണ് ക്രിമനൽ എന്ന് കേരളം കണ്ടു. പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നുവെന്നും പി രാജീവ് വ്യക്തമാക്കി. നവകേരള സദസ്സുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു പി രാജീവ്.

ഗവർണർ വിഷയത്തിലും പി രാജീവ് നിലപാട് വ്യക്തമാക്കി. ഇതുപോലെ ഒരാൾ ചാൻസലർ ആവരുത്. ചാൻസലർ ജനാധിപത്യത്തെ, ഭരണഘടനയെ അംഗീകരിച്ചാൽ പ്രശ്നം തീരുമെന്നും രാജീവ് പറഞ്ഞു. പാർലമെൻ്റിൽ നിന്നും പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്ത വിഷയത്തിലും പി രാജീവ് പ്രതികരിച്ചു. ലോക്സഭയിൽ ജനാധിപത്യത്തെ ഇല്ലാതാക്കുന്നു . പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്നുണ്ടെങ്കിലും പ്രയോഗത്തിൽ ദുർബലപ്പെടുന്നു. സുരക്ഷാവീഴ്ച്ച ചർച്ച ചെയ്യപ്പെടേണ്ടതാണ്. ചർച്ചകളില്ലാതെ ബില്ലുകൾ പാസ്സാക്കി. ഭൂരിപക്ഷം ഉണ്ടായിട്ടും കേന്ദ്രം ചർച്ചകളെ ഭയക്കുന്നുവെന്നും പി രാജീവ് കുറ്റപ്പെടുത്തി.

കേരളത്തിൽ കോൺഗ്രസുമായി സഹകരിക്കുന്നത്, ബിജെപിയുമായി സഹകരിക്കുന്നതിന് തുല്യം. സംഘപരിവാറിനെ അനുകൂലിക്കുന്ന കെപിസിസി അധ്യക്ഷന്റെ പാർട്ടിയുമായി എങ്ങനെ സഹകരിക്കുമെന്നും പി രാജീവ് ചോദിച്ചു.

To advertise here,contact us