കൊച്ചി: പഠനം കഴിഞ്ഞാല് തൊഴില് അന്വേഷിച്ച് രാജ്യം വിടുന്നവരുടെ എണ്ണം കൂടുമ്പോള്, ഇന്ത്യയിലെ ഏറ്റവും കൂടുതല് യുവാക്കള് ലിംഗഭേദമന്യേ ജോലി ചെയ്യാന് ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് റിപ്പോര്ട്ട്. ഇന്ത്യ സ്കില്സ് റിപ്പോര്ട്ടിലാണ് കേരളത്തിലെ തൊഴില് മേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്കുന്ന കണ്ടെത്തല്. ഇതില് തന്നെ തലസ്ഥാന നഗരമായ തിരുവനന്തപുരവും വ്യവസായ നഗരമായ കൊച്ചിയുമാണ് മുന്നില്.
18-21 വരെയുള്ള പ്രായക്കാരില് ഏറ്റവും തൊഴില്ക്ഷമതയുള്ള സംസ്ഥാനങ്ങളില് രണ്ടാം സ്ഥാനവും കേരളത്തിനാണ്. പ്രായവ്യത്യാസം ഇല്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ജോലി ചെയ്യാന് ഇഷ്ടപ്പെടുന്ന നഗരങ്ങളില് കൊച്ചി രാജ്യത്ത് രണ്ടാമതും തിരുവനന്തപുരം നാലാമതുമെത്തി. ഏറ്റവും കൂടുതല് സ്ത്രീകള് ജോലി ചെയ്യാന് ഇഷ്ടപ്പെടുന്ന ആദ്യ 10 നഗരങ്ങളില് കൊച്ചിയാണ് ഒന്നാമത്.
മറിയക്കുട്ടി വിഐപി, എല്ലാ പൗരന്മാരും വിഐപിയാണ്; സര്ക്കാരിന് ഹൈക്കോടതിയുടെ വിമര്ശനം
3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഓള് ഇന്ത്യ കൗണ്സില് ഫോര് ടെക്നിക്കല് എജ്യുക്കേഷന് കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രി അസോസിയേഷന് ഓഫ് ഇന്ത്യന് യൂണിവേഴ്സിറ്റീസ് ഗൂഗിള്, ടാഗ്ഡ് എന്നിവയുമായി സഹകരിച്ച് ടാലന്റ് അസസ്മെന്റ് ഏജന്സിയായ വീബോക്സിന്റേതാണ് റിപ്പോര്ട്ട്. രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴില്ക്ഷമതയുള്ളവരാണെന്ന് റിപ്പോര്ട്ടില് പറയുന്നു. മുന് വര്ഷം ഇത് 50.3 ശതമാനമായിരുന്നു. ഈ മുന്നേറ്റത്തിലും കേരളത്തിന് വലിയ പങ്കുണ്ട്.
കംപ്യൂട്ടര് പരിജ്ഞാനം വളര്ത്തിയെടുക്കുന്നതിലും കേരളത്തിന്റെ മികവിന് റിപ്പോര്ട്ട് അടിവരയിടുന്നുണ്ട്. ഇക്കാര്യത്തില് തിരുവനന്തപുരം ഒന്നാം സ്ഥാനത്തും കൊച്ചി മൂന്നാം സ്ഥാനത്തുമാണ്. പ്രായോഗിക പഠനത്തിന് പ്രതിബദ്ധതയുള്ള, വിദ്യാഭ്യാസത്തിന് ഊന്നല് നല്കുന്നതിന് പേരുകേട്ട ദക്ഷിണേന്ത്യന് സംസ്ഥാനമായും കേരളത്തെ റിപ്പോര്ട്ടില് ചൂണ്ടികാട്ടുന്നുണ്ട്.
ഐടി, കംപ്യൂട്ടര് സയന്സ്, എഞ്ചിനീയറിംഗ് തൊഴില് വൈദഗ്ധ്യം എന്നിവയില് കേരളത്തിന്റെ ആധിപത്യം റിപ്പോര്ട്ട് എടുത്തുകാട്ടുന്നു. കൂടാതെ, സംസ്ഥാനത്തെ 18-29 പ്രായക്കാര് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടര് സാക്ഷരത, സംഖ്യാശാസ്ത്രം, വിമര്ശനാത്മക ചിന്താശേഷി എന്നിവയില് ഏറെ മുന്നിലാണ്.