തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വ്യാജരേഖ ചമച്ച് നീട്ടിയ കരാർ നിയമനം റിപ്പോർട്ടർ വാർത്തയെ തുടർന്ന് റദ്ദാക്കി. കരാർ നീട്ടി കൊടുത്തതിൽ വിശദീകരണം ചോദിച്ചെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോർട്ടറിനോടു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് ഫണ്ട് ബോർഡിൽ നടന്ന ക്രമക്കേട് റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നത്. റോഡ് ഫണ്ട് ബോർഡിലെ കരാർ ജീവനക്കാരിയായ രമ്യയുടെ കരാർ കാലാവധി കഴിഞ്ഞപ്പോൾ വ്യാജ രേഖ ചമച്ച് രണ്ടുവർഷത്തേക്ക് കരാർ നീട്ടുകയായിരുന്നു. റോഡ് ഫണ്ട് ബോർഡിലെ മറ്റ് മുപ്പതിലധികം വരുന്ന കരാർ ജീവനക്കാർക്ക് നീട്ടിക്കൊടുക്കാതെ ഒരാൾക്ക് മാത്രമായി റോഡ് ഫണ്ട് സിഇഒ എം അശോക് കുമാർ കരാർ നീട്ടി നൽകുകയായിരുന്നു. ഒരു വർഷത്തേക്ക് നീട്ടാനുള്ള നടപടി പൂർത്തിയാക്കിയ ശേഷം ജീവനക്കാരി രമ്യയും സിഇഒ എം അശോക് കുമാറും മാത്രം അറിഞ്ഞാണ് സർക്കാർ മുദ്രപത്രം ദുരുപയോഗം ചെയ്ത് ഒരു വർഷം എന്നത് രണ്ട് വർഷമാക്കി എഴുതി ചേർത്ത് കരാർ പുതുക്കിയത്. ലീവ് സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങളും രമ്യ തട്ടിയെടുത്തു.
BIG BREAKING: പൊതുമരാമത്ത് വകുപ്പില് വ്യാജരേഖ ചമച്ച് കരാര് നിയമനം നീട്ടി നല്കി
രണ്ട് വർഷത്തിൽ കൂടുതൽ കരാർ നിയമനത്തിൽ ജോലി ചെയ്യുന്നവരുടെ കരാർ പുതുക്കണമെങ്കിൽ സർക്കാർ അനുമതി നേടണമെന്ന മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു സിഇഒ എം അശോക് കുമാർ രമ്യ എന്ന ജീവനക്കാരിക്ക് മാത്രമായി കരാർ രണ്ട് വർഷത്തേക്ക് നീട്ടി നൽകിയത്. സംഭവം റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നതിനെ പിന്നാലെ കരാർ റദ്ദാക്കിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ജീവനക്കാരിയിൽ നിന്ന് വിശദീകരണം നേടിയതായും മന്ത്രി പറഞ്ഞു. എന്നാൽ വ്യാജ രേഖ ചമച്ചതിന് പോലീസിൽ പരാതി നൽകുന്നതിനെക്കുറിച്ചോ സർക്കാർ മുദ്രപത്രത്തിൽ വ്യാജമായി എഴുതിച്ചേർത്തതിൽ ഒപ്പിട്ട സിഇഒയ്ക്ക് എതിരെ എന്ത് നടപടി എടുത്തെന്നോ മന്ത്രി വിശദീകരിക്കുന്നുമില്ല.
വ്യാജരേഖ ചമച്ച് സംഭവത്തിൽ എന്ത് കൊണ്ടാണ് പോലീസിൽ പരാതി നൽകാത്തത്. മാനദണ്ഡങ്ങൾ ലംഘിച്ച് ഒരാൾക്ക് മാത്രം രണ്ടുവർഷത്തേക്ക് കരാർ നീട്ടി നൽകിയ സിഇഒക്ക് എതിരെ എന്തുകൊണ്ടാണ് നടപടി ഇല്ലാത്തത്. ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്.