തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ ചോദ്യപേപ്പർ വിവാദത്തിൽ പരീക്ഷാ കൺട്രോളറോട് വിശദീകരണം തേടി വൈസ് ചാൻസലർ. വെള്ളിയാഴ്ച്ച നടന്ന ബിഎ ഹിസ്റ്ററി പരീക്ഷയിൽ മുൻവർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതാണ് വിവാദമായത്. വീഴ്ച്ച വരുത്തിയ അധ്യാപകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വി സി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
ബിഎ ഹിസ്റ്ററി അഞ്ചാം സെമസ്റ്റർ പരീക്ഷയിലാണ് 2022ലെ ചോദ്യങ്ങൾ ആവർത്തിച്ചു വന്നത്. വിവരം പുറത്തായതോടെ വെള്ളിയാഴ്ച്ചയിലെ പരീക്ഷയും തുടർപരീക്ഷകളും സർവ്വകലാശാല റദ്ദാക്കി. ഭൂരിഭാഗം ചോദ്യങ്ങളും ആവർത്തിച്ചത് ഗുരുതര പിഴവെന്നാണ് സർവ്വകലാശാലയുടെ വിലയിരുത്തൽ. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ പരീക്ഷ കൺട്രോളറോട് വൈസ് ചാൻസലർ ആവശ്യപ്പെട്ടു.
ഗവർണർക്കെതിരെ സമരം കരുത്തോടെ തുടരും, സംഘപരിവാർവൽക്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും: പി എം ആർഷോ
ചോദ്യങ്ങൾ തയ്യാറാക്കിയപ്പോഴും സൂക്ഷ്മ പരിശോധന നടത്തിയപ്പോഴും അധ്യാപകർക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റദ്ദാക്കിയ പരീക്ഷകൾ ഉടൻ നടത്തുമെന്നും വി സി മോഹനൻ കുന്നുമ്മൽ അറിയിച്ചു. കഴിഞ്ഞമാസം മൂല്യനിർണയവുമായി ബന്ധപ്പെട്ടും സർവ്വകലാശാലക്കെതിരെ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യം പരിഗണിച്ച് പരീക്ഷ സംവിധാനം കൂടുതൽ സമഗ്രമാക്കാനാണ് സർവ്വകലാശാല ആലോചിക്കുന്നത്. വിസിയുടെ നേതൃത്വത്തിൽ ഇതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.