'നേതൃത്വനിരയിൽ പക്വമായ സമവായ സംഭാഷണത്തിന്റെ മുഖം'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് എ എൻ ഷംസീർ

'സിപിഐയുടെ വളർച്ചയിൽ കാനം വഹിച്ച പങ്ക് ചെറുതല്ല'

തിരുവനതപുരം: കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. സിപിഐയുടെ വളർച്ചയിൽ കാനം വഹിച്ച പങ്ക് ചെറുതല്ല. നേതൃത്വനിരയിൽ പക്വമായ സമവായ സംഭാഷണത്തിന്റെ മുഖമായിരുന്നു കാനം രാജേന്ദ്രനെന്നും എ എൻ ഷംസീർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അനുശോചനം.

'നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന്'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

കുറിപ്പിന്റെ പൂർണ്ണ രൂപം

സിപിഐയുടെ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വാഴൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് ഏഴും എട്ടും നിയമസഭയിൽ സംഭാംഗമായി. 52 വർഷമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. 2006ൽ എഐടിയുസി സംസ്ഥാന സെക്രട്ടറിയായി. വളരെയധികം അടുപ്പമുള്ള ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. സിപിഐ എന്ന വിപ്ലവപ്രസ്ഥാനത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള വളർച്ചയിൽ കാനം വഹിച്ച പങ്ക് ചെറുതല്ല. നേതൃത്വനിരയിൽ പക്വമായ സമവായ സംഭാഷണത്തിന്റെ ഒരു മുഖം കൂടിയായിരുന്നു അദ്ദേഹം. ആദരാഞ്ജലികൾ.

കാനം രാജേന്ദ്രന്റെ സംസ്കാരം മറ്റന്നാൾ; നാളെ തിരുവനന്തപുരത്ത് പൊതുദർശനം

ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ (73) അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം രാജേന്ദ്രൻ. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

To advertise here,contact us