കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത് സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് പ്രതി പത്മകുമാറിന്റെ മൊഴി. സമീപവാസികൾ അനധികൃതമായി വൻതോതിൽ പണം സമ്പാദിക്കുന്നെണ്ടെന്ന തോന്നലും പ്രതികളെ കൃത്യത്തിലേക്ക് നയിച്ചുവെന്നാണ് നിഗമനം. പത്മകുമാറിനും കുടുംബത്തിനും കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണ സംഘം.
കൊവിഡിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ബിസിനസുകൾ തകർന്നു. തുടർന്ന് ഒരു വർഷം മുൻപാണ് പത്മകുമാറും ഭാര്യയും എങ്ങനെയും പണം കണ്ടെത്തണമെന്ന് തീരുമാനിച്ചത്. അപ്പോഴൊക്കെ പത്മകുമാറിന്റെ അമ്മ ഈ നീക്കത്തെ എതിർത്തു. മകൾ അനുപമയുടെ യൂട്യൂബ് ചാനലിൽ നിന്ന് വലിയതോതിൽ വരുമാനം ലഭിക്കുക കൂടി ചെയ്തതോടെ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ കുടുംബം ഉപേക്ഷിച്ചു. പകർപ്പവകാശത്തിന്റെ പ്രശ്നം കാരണം അനുപമയുടെ യൂട്യൂബ് വരുമാനം നിലയ്ക്കുകയും നിരന്തരം എതിർത്തിരുന്ന അമ്മ മരിക്കുകയും ചെയ്തതോടെ കുട്ടിയെ തട്ടിയെടുത്ത് പണം സമ്പാദിക്കാൻ തീരുമാനിച്ചു എന്നാണ് പ്രതികളുടെ മൊഴി.
കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികള് റിമാന്ഡില്, അബിഗേലിനും സഹോദരനും അവാർഡ്
ഒരുമാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പൂയപ്പള്ളിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടെന്ന് പറയുമ്പോഴും ബാധ്യതയേക്കാൾ കൂടുതൽ രൂപയുടെ ആസ്തി പത്മകുമാറിനുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പത്മകുമാറിന്റെ ആസ്തിയും ബാധ്യതയും പൊലീസ് പരിശോധിച്ച് വരികയാണ്.