അഴിമതിയും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മുഖ്യമന്ത്രി രാജിവെക്കണം; വിസി വിധിയില് കെ സുരേന്ദ്രന്

മുഖ്യമന്ത്രി നടത്തിയത് അമിതാധികാരപ്രയോഗമാണ്

കണ്ണൂര്: കണ്ണൂര് വിസി പുനര്നിയമനം റദ്ദാക്കിയ വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ ഇടപെടലും സ്വജനപക്ഷപാതവുമാണ്. മുഖ്യമന്ത്രി നേരിട്ട് സമ്മര്ദ്ദം ചെലുത്തിയെന്ന് ഗവര്ണര് പറഞ്ഞത് ഇതിന്റെ തെളിവാണ്. രാജിവെക്കേണ്ടത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.

അഴിമതിയും സത്യപ്രതിജ്ഞ ലംഘനവും നടത്തിയ മുഖ്യമന്ത്രി രാജിവെക്കണം. മുഖ്യമന്ത്രി നടത്തിയത് അമിതാധികാരപ്രയോഗമാണ്. രാഷ്ട്രീയ ലാഭത്തിനും ചിലയാളുകളുടെ വ്യക്തിതാല്പര്യങ്ങള്ക്കും വേണ്ടിയാണ് മുഖ്യമന്ത്രി പ്രവര്ത്തിച്ചതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്ത്തു.

നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കണ്ണൂര് സര്വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്സില് അംഗം ഷിനു പി ജോസ് എന്നിവരാണ് നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. നിയമനത്തില് വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് മാത്രമേ നിയമനം നടത്താന് കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വാദത്തിനിടെ നിരീക്ഷിച്ചിരുന്നു.

നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി കണ്ണൂര് വിസിയുടെ നിയമനം റദ്ദാക്കിയത് . ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വി സി നിയമനത്തില് ഗവര്ണര് അധികാരപരിധിയില് ബാഹ്യശക്തികള് ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സര്ക്കാരിനെതിരെ ഇക്കാര്യത്തില് ഗവര്ണര് നേരത്തെ വെളിപ്പെടുത്തല് നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പര്ദിവാലയാണ് വിധി പ്രസ്താവിച്ചത്.

ഞാൻ നടത്തിയ പോരാട്ടം വിജയം കണ്ടതിൽ അഭിമാനം; ആർ ബിന്ദു രാജിവയ്ക്കണം: രമേശ് ചെന്നിത്തല

നാളെ ഡല്ഹിയില് സ്ഥിരജോലിയില് പ്രവേശിക്കുമെന്ന് ഗോപിനാഥ് രവീന്ദ്രന് വധിയ്ക്ക് ശേഷം പറഞ്ഞു. റിവ്യൂ ഹര്ജി നല്കില്ല. തന്റെ ആവശ്യപ്രകാരമായിരുന്നില്ല പുനര്നിയമനമെന്നും പുനര് നിയമനത്തില് തെറ്റുള്ളതായി തോന്നിയിട്ടില്ലെന്നും ഗോപിനാഥ് കൂട്ടിച്ചേര്ത്തു.

To advertise here,contact us