കുത്തുവാക്കുകള് ഭേദിച്ച് മാധ്യമങ്ങള് നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താന് സഹായിച്ചു:ഷെയ്ന് നിഗം

ഇന്നലെ മുതല് മാധ്യമങ്ങള് കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര് നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു

കൊച്ചി: കൊല്ലം ഓയൂരില് നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേലിനെ കണ്ടെത്തിയതില് സന്തോഷം പങ്കിട്ട് നടന് ഷെയ്ന് നിഗം. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. കുട്ടികളെ കണ്ടെത്താന് സഹായിച്ചതില് മാധ്യമപ്രവര്ത്തകരുടെ പങ്ക് വലുതാണെന്ന് ഷെയ്ന് ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം

കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാര്ത്ത വന്നിരിക്കുന്നു അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി.

രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില് പറയാനുള്ളത്.

1. കുട്ടിയെ തിരിച്ചറിയാന് മാധ്യമ പ്രവര്ത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതല് മാധ്യമങ്ങള് കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര് നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതില് തര്ക്കമില്ല.

2. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകല് ഇത്രയും പോലീസ് പരിശോധനകള് ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തില് അവര് എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാര്ത്തയോടൊപ്പം ഇതിന്റെ പിന്നില് പ്രവര്ത്തിച്ചവരെ കണ്ടെത്താന് പൊലീസിന് സാധിക്കട്ടെ.

നവംബര് 27ന് വൈകിട്ട് 4.20 ഓടെയാണ് അബിഗേലിനെ ഒരു സംഘം കാറില് തട്ടിക്കൊണ്ടുപോയത്. പിന്നീടങ്ങോട്ട് പൊലീസും ജനങ്ങളും കുഞ്ഞിനെ തിരഞ്ഞിറങ്ങി. ഒടുവില് കൊല്ലം ആശ്രാമം മൈതാനത്ത് വച്ച് ഇന്ന് (നവംബര് 28ന്) ഉച്ചയ്ക്ക് ഒന്നരയോടെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില് കണ്ടെത്തുകയായിരുന്നു.

To advertise here,contact us