കൊച്ചി: രണ്ട് മാസത്തിനിടെ രണ്ട് ദുരന്തങ്ങള്. സാമ്ര ഇന്റര്നാഷണല് സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തില് നിന്നും പുറത്തേക്ക് വരുന്നതിന് മുമ്പാണ് കുസാറ്റില് സംഗീത നിശക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്ത്ഥികള് മരിച്ചെന്ന വാര്ത്ത വരുന്നത്. അക്ഷരാര്ത്ഥത്തില് കളമശ്ശേരിക്കാര് വല്ലാത്ത നടുക്കത്തിലാണ്.
6 പേര് മരിക്കാനിടയായ ഒക്ടോബര് 29 ലെ സ്ഫോടനത്തില് നിന്നും ഈ കുഞ്ഞുനഗരം കരകയറിയിട്ടില്ല. യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടക്കുന്നതിനിടെയാണ് സാമ്ര കണ്വെന്ഷന് സെന്ററില് ബോംബ് സ്ഫോടനമുണ്ടാകുന്നത്. ആ ദുരന്തത്തിന്റെ ആഘാതത്തില് നിന്നും പ്രദേശവാസികള് കരകയറുന്നതിന് മുമ്പാണ് ശനിയാഴ്ച്ച വൈകിട്ട് കുസാറ്റില് അപകടമുണ്ടാവുന്നത്.
കുസാറ്റ് ദുരന്തം; വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം രാവിലെ നടക്കും, 10 മണിക്ക് പൊതുദർശനം
അപ്രതീക്ഷിതമായ ദുരന്തം. മൂന്ന് വിദ്യാര്ത്ഥികള് ഉള്പ്പെടെ നാല് പേര്ക്കാണ് ജീവന് നഷ്ടമായത്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച്ച വൈകിട്ട് എട്ട് മണിയോടെ ക്യാംപസിലെ ഓപ്പണ് എയര് ഓഡിറ്റോറിയത്തില് സംഗീത നിശ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദുരന്തമുണ്ടായത്. മഴ പെയ്തതോടെ പുറത്ത് നിന്നവര് ഉള്പ്പെടെ നിരവധി ആളുകള് ഓഡിറ്റോറിയത്തിലേക്ക് ഓടികയറുകയായിരുന്നു. ഇതിനിടെ തിരക്കില്പെട്ട് പടിക്കെട്ടില് വീണ വിദ്യാര്ത്ഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.
ബോംബ് സ്ഫോടനം നടന്ന സാമ്ര കണ്വെന്ഷന് സെന്ററില് നിന്നും കുസാറ്റിലേക്ക് രണ്ടര കിലോമീറ്റര് മാത്രമാണ് ദൂരം. രണ്ട് അപകടത്തിലും പരിക്കേറ്റവരെ ആദ്യമെത്തിച്ചത് കളമശേരി മെഡിക്കല് കോളേജിലേക്കാണ്. വിവരമറിഞ്ഞ് ബന്ധുക്കളും വിദ്യാര്ത്ഥികളുമായി നിരവധി പേരാണ് മെഡിക്കല് കോളേജ് പരിസരത്തും കുസാറ്റിലുമായി തടിച്ചുകൂടിയത്. സ്ഫോടനം നടന്ന് 27ാം നാള് വീണ്ടുമൊരു ദുരന്തം ആവർത്തിക്കുമ്പോള് മരണസംഖ്യ ഉയരരുതേയെന്ന പ്രാർത്ഥനയാണ് ഈ നഗരത്തിന്.