'മുഖ്യമന്ത്രിയും മന്ത്രിമാരും പൊളിഞ്ഞ റോഡിലൂടെ പോകട്ടെ':നവകേരള സദസിനായി ടാറിംഗ്,തടഞ്ഞ് യൂത്ത് ലീഗ്

റോഡിന്റെ ഒരു ഭാഗം മാത്രം ടാർ ചെയ്യുന്നുവെന്നുമാണ് ആക്ഷേപം

കണ്ണൂർ: സർക്കാരിന്റെ നവകേരള സദസിന് മുന്നോടിയായി നടത്തിയ റോഡ് ടാറിംഗ് പ്രവൃത്തി തടഞ്ഞ് യൂത്ത് ലീഗ്. അഴീക്കോട് വളപട്ടണത്താണ് യൂത്ത് ലീഗ് റോഡ് പണി തടഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരും പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യട്ടെ എന്ന് റോഡ് ടാറിംഗ് തടഞ്ഞ് യൂത്ത് ലീഗ് പറഞ്ഞു.

തുടർന്ന് റോഡ് ടാറിംഗ് പ്രവൃത്തി തടഞ്ഞ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ കൈയ്യാങ്കളിയും ഉണ്ടായി. പിന്നീട് പോലീസ് സുരക്ഷയിൽ റോഡ് പ്രവൃത്തി പുന:രാരംഭിച്ചു.

നവ കേരള സദസിന്റെ വേദിയിലേക്കുള്ള റോഡ് ടാറിംഗ് ആണ് തടഞ്ഞത്. നവ കേരള സദസിന് മാത്രമായി റോഡ് ടാർ ചെയ്യുന്നുവെന്നും റോഡിന്റെ ഒരു ഭാഗം മാത്രം ടാർ ചെയ്യുന്നുവെന്നുമാണ് ആക്ഷേപം. എന്നാൽ യൂത്ത് ലീഗിന്റെ ആരോപണം സ്ഥലം എംഎൽഎ കെ വി സുമേഷ് തളളി. 'ജല ജീവൻ മിഷൻ പദ്ധതി'ക്ക് വേണ്ടി പൊളിച്ച റോഡിന്റെ അറ്റകുറ്റ പണിയാണ് അവിടെ നടക്കുന്നതെന്നാണ് കെ വി സുമേഷ് പറയുന്നത്.

നവകേരള സദസ്; ചെലവ് കണ്ടെത്താൻ പിരിവ് തന്നെ ശരണം,സ്പോണ്സർഷിപ്പെന്ന് വിളിപ്പേര്

ഇതിനിടെ നവകേരള സദസിന് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രയ്ക്കായി ആഢംബര ബെൻസ് കാരവൻ വാങ്ങിയതും വിവാദമായി. പിണറായിയെ പോലുള്ള ഒരു ഏകാധിപതിക്കെ ഇപ്പോൾ കോടികൾ മുടക്കി ആഢംബര യാത്ര നടത്താനാകൂവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഢംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ല. പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഒരോ ദിവസവും ജനം പൊറിതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസ യാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'ഒരു ഏകാധിപതിക്കെ കോടികൾ മുടക്കി ഇപ്പോൾ ആഢംബര യാത്ര നടത്താനാകൂ'; കാരവൻ യാത്രയെ വിമർശിച്ച് ചെന്നിത്തല

കാരവനെ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. അഞ്ചു പൈസ കയ്യിലില്ലാത്ത സമയത്താണ് സർക്കാർ ഒരു കോടിയുടെ ബസ് വാങ്ങുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ നികുതി പിരിക്കുന്നില്ല, വ്യാപകമായ ധൂർത്ത് നടക്കുകയാണ്, ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്, പെൻഷൻ നൽകുന്നില്ലെന്നും വി ഡി സതീശൻ ആരോപിച്ചു. കേന്ദ്രത്തിന്റെ തലയിൽ ചാരി എല്ലാത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.

To advertise here,contact us