കല്പ്പറ്റ: സുൽത്താൻബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കും. 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാന് സി കെ ജാനുവിന് പണം നൽകി എന്നതാണ് കേസ്. 50 ലക്ഷം രൂപ സി കെ ജാനുവിന് നല്കിയെന്നാണ് പരാതിയില് പറയുന്നത്. ഇതില് 10 ലക്ഷം 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും 40 ലക്ഷം സുൽത്താൻബത്തേരിയിൽ വെച്ചുമാണ് നല്കിയതെന്നാണ് പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നല്കിയത്.
'പലസ്തീൻ ഐക്യദാർഢ്യം പറഞ്ഞാൽ ശമ്പളവും വീടും കിട്ടുമോ, ഉരുട്ടി വിഴുങ്ങാൻ പറ്റുമോ'; പരിഹസിച്ച് ബിജെപി
അതേസമയം മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പ്രതികൾക്കും കോടതി ഒക്ടോബറില് ജാമ്യം അനുവദിച്ചിരുന്നു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരയ്യയ്ക്ക് പാരിതോഷികം നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണുമാണ് നൽകിയത്. സുന്ദരയ്യ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശ് 2021 ജൂണിൽ ഇതിനെതിരെ പരാതി നൽകി. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേർക്കെതിരെ കേസെടുത്തത്.