മുതിർന്ന മാധ്യമപ്രവർത്തകനും ചിത്രകാരനുമായ കെ എ ഫ്രാൻസിസ് അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്

തൃശൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും താന്ത്രിക് ചിത്രകാരനുമായ കെ എ ഫ്രാൻസിസ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് രാവിലെ 10 മുതൽ ഒന്ന് വരെ ലളിതകലാ അക്കാദമിയിൽ പൊതുദർശനത്തിന് വച്ച ശേഷം നാളെ കോട്ടയത്താണ് സംസ്കാരം. മലയാള മനോരമയിൽ അരനൂണ്ട് കാലത്തോളം പ്രവർത്തിച്ച അദ്ദേഹം മനോരമ ആഴ്ചപ്പതിപ്പിൽ എഡിറ്റർ ഇൻ ചാർജായിട്ടുണ്ട്.

പ്രശസ്ത ചിത്രകാരനും കോഴിക്കോട്ടെ യൂണിവേഴ്സൽ ആർട്സ് സ്ഥാപകനുമായ കെ പി ആന്റണിയുടെ മകനായി തൃശൂർ കുറുമ്പിലാവിൽ 1947 ഡിസംബർ ഒന്നിനാണ് കെ എ ഫ്രാൻസിസിന്റെ ജനനം. 1970ലാണ് മനോരമയിൽ പത്രപ്രവർത്തകനായി ജോലിയിൽ കയറുന്നത്. 1999 മുതൽ 2002 വരെ കണ്ണൂർ യൂണിറ്റ് മേധാവിയായും തുടർന്ന് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്തു. 2021 ഡിസംബർ 31നാണ് മനോരമയിൽ നിന്നും വിരമിച്ചത്.

കെ എ ഫ്രാൻസിസ് രൂപകൽപന ചെയ്ത ഒന്നാം പേജിന് ന്യൂസ് പേപ്പർ ലേ ഔട്ട് ആൻഡ് ഡിസൈൻ ദേശീയ അവാർഡ് ( 1971) ലഭിച്ചു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തൃശൂർ തട്ടിൽ നടയ്ക്കലാൻ കുടുംബാംഗം ബേബി. മക്കൾ: ഷെല്ലി ഫ്രാൻസിസ് , ഡിംപിൾ (മലയാള മനോരമ തൃശൂർ), ഫ്രെബി. മരുമക്കൾ: ദീപ, ജോഷി ഫ്രാൻസിസ് കുറ്റിക്കാടൻ, അഡ്വ. ജിബി ജേക്കബ് മണലേൽ.

To advertise here,contact us