നാല് പേർ എൻഡോസൾഫൻ ദുരിത ബാധിതർ, പെൻഷനുമില്ല ധനസഹായവുമില്ല; ദുരിതക്കയത്തില് ഒരു കുടുംബം

ഇളയ സഹോദരിയും ഒരു വശം തളർന്ന് കിടപ്പിലായ പിതാവും വാർധക്യത്തിന്റെ എല്ലാ അവശതകളും പേറുന്ന അമ്മയുമാണ് ഇവരുടെ കുടുംബത്തിലുള്ളത്

കാസർകോട്: മുളിയറയിൽ രോഗത്തിന്റെ ദുരിതങ്ങൾക്കൊപ്പം പട്ടിണിയോടും മല്ലടിക്കുകയാണ് എൻ്റോസൾഫാൻ ബാധിതരായ നാല് സഹോദരങ്ങളടങ്ങുന്ന കുടുംബം. 48കാരൻ ഹമീദ്, 36 കാരൻ അബ്ദുൾ റഹ്മാൻ, 34 വയസുള്ള അഹമ്മദ് കബീർ, 32കാരൻ അബ്ദുൾ ഖാദർ നാല് പേരും എന്റോസൾഫാൻ ബാധിതരാണ്. പക്വത വേണ്ട പ്രായത്തിലും പ്രാഥമിക കൃത്യങ്ങൾ പോലും സ്വയം ചെയ്യാൻ കഴിയാത്തവരാണ് ഇവർ. ഇളയ സഹോദരിയും ഒരു വശം തളർന്ന് കിടപ്പിലായ പിതാവും വാർധക്യത്തിന്റെ എല്ലാ അവശതകളും പേറുന്ന അമ്മയുമാണ് ഇവരുടെ കുടുംബത്തിലുള്ളത്.

പിതാവ് കിടപ്പിലായതോടെ വരുമാനം പൂർണമായും നിലച്ചു. നാല് പേർക്കും കൂടി കിട്ടുന്ന പെൻഷനായിരുന്നു ഇവരുടെ ആകെ ആശ്രയം. മാസങ്ങളായി അതും കിട്ടാതായതോടെ കടം വാങ്ങി കഞ്ഞി പോലും വയ്ക്കാനാകാത്ത സ്ഥിതിയാണ് ഈ കുടുംബത്തിന്. രോഗ ബാധിതരായ സഹോദരങ്ങൾക്ക് ഒരു നേരം പോലും ഭക്ഷണം മുടക്കാനാകില്ല. അതുകൊണ്ട് കിടപ്പിലായ അച്ഛനും അമ്മയും സഹോദരിയും വെളളം കുടിച്ച് വിശപ്പകറ്റും.

ഇത്രയും നാൾ പോറ്റിയ പിതാവിന് ബിപിക്കുള്ള മരുന്ന് പോലും വാങ്ങി നൽകാൽ കാൽക്കാശ് കയ്യിലില്ല, സഹോദരങ്ങൾക്ക് അസുഖം വന്നാലും ചികിത്സ തേടാൻ നിവൃത്തിയില്ലെന്ന ഗതികേടിലാണ് ഇവരുടെ സഹോദരി. നാലുപേരിലെ ഇളയവന് പ്രമേഹമുണ്ട്. ഇൻസുലിൻ മുടങ്ങാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. ഇനി എങ്ങനെ മുന്നോട്ടെന്ന് ചോദിച്ചാൽ ഈ കുടുംബത്തിന് ഉത്തരമില്ല. ഇനിയും സർക്കാർ കനിഞ്ഞില്ലെങ്കിൽ ദുരിതക്കയത്തിലാകും ഈ കുടുംബം.

To advertise here,contact us