കാസർകോട്: എൻഡോസൾഫാൻ ബാധിതരുടെ കുടുംബങ്ങൾ പട്ടിണിയിൽ. രോഗികളെ പരിചരിക്കുന്നവർക്കുള്ള ധനസഹായവും മുടങ്ങിയിരിക്കുകയാണ്. പെൻഷനും ധനസഹായവും ഇല്ലാതെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് എൻഡോസൾഫാൻ ബാധിതരുടെ കുടുംബങ്ങൾ. കാസർകോട്ടെ എൻഡോസൾഫാൻ ബാധിതരുടെ ദുരിത കഥ പുറത്തുകൊണ്ടുവരുന്ന പി ആർ പ്രവീണയുടെ പരമ്പര തുടരുന്നു.
പള്ളിക്കര സ്വദേശി 17കാരൻ അനിരുദ്ധ് എൻഡോസൾഫാന്റെ ഇരയാണ്. അനിരുദ്ധിന്റെ അമ്മ ഹൃദ്രോഗിയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കേണ്ട അവസ്ഥയിലും ജീവിതം കരുപിടിപ്പിക്കാൻ ഓട്ടത്തിലാണ്. ഓടി തളരുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പറയുമ്പോൾ ലതികയുടെ കണ്ണ് നിറഞ്ഞൊഴുകും. 10 വർഷം മുമ്പ് വരെ ഈ കുടുംബത്തിന്റെ ആശ്രയം വിദേശത്തായിരുന്ന അച്ഛൻ കൃഷ്ണന്റെ വരുമാനമായിരുന്നു. ലതികക്ക് ഹൃദ്രോഗം കൂടി.
എൻഡോസൾഫാന്റെ ഇരയായി 20കാരി; സൗജന്യ മരുന്നോ ചികിത്സയോ ഇല്ല; ദുരിതത്തിൽ കുടുംബം
അപസ്മാരം വന്ന് ഇടക്കിടെ വീഴുന്ന മകനെ ഒന്ന് താങ്ങിയെടുക്കാൻ പോലും ലതികയ്ക്ക് കഴിയില്ലെന്ന സ്ഥിതി. ഇതോടെ മകനെ നോക്കാൻ കൃഷ്ണൻ നാട്ടിലെത്തി. കുടുംബത്തിന് ചെറിയ ആശ്വാസം മകന് കിട്ടിയിരുന്ന പെൻഷനായിരുന്നു. മാസങ്ങളായി അതും മുടങ്ങി. ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുകയാണീ കുടുംബം.