ബോധ്യപ്പെട്ട തെറ്റ് ചൂണ്ടിക്കാണിച്ചാല് തിരുത്താന് തയ്യാറാണ്; ഫോക്ലോര് അക്കാദമി ചെയര്മാന്

വിമര്ശിക്കുന്നവര് ആദിമത്തില് എത്തി ബോധ്യപ്പെട്ട തെറ്റ് ചൂണ്ടിക്കാണിച്ചാല് തിരുത്താന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കേരളീയം പരിപാടിയായ ആദിമം പ്രദര്ശനത്തില് ആദിവാസികളെ അല്ല, ആദിവാസി കലകളെയാണ് പ്രദര്ശിപ്പിക്കുന്നതെന്ന് ഫോക്ലോര് അക്കാദമി ചെയര്മാന് ഒ എസ് ഉണ്ണികൃഷ്ണന്. വിമര്ശിക്കുന്നവര് ആദിമത്തില് എത്തി ബോധ്യപ്പെട്ട തെറ്റ് ചൂണ്ടിക്കാണിച്ചാല് തിരുത്താന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കലാപരിപാടികള് അവതരിപ്പിക്കാന് വേണ്ടി മാത്രമാണ് അവര് വംശീയ വേഷം ധരിച്ചത്. കലാപൂരങ്ങളെ ഇങ്ങനെയല്ലാതെ മറ്റേത് വേഷങ്ങളില് അവതരിപ്പിച്ചാണ് കണ്ടിട്ടുള്ളത്. ആദിമത്തില് അവര് കാഴ്ചവസ്തുക്കള് അല്ല. പ്രദര്ശന വസ്തുവാക്കിയെന്നത് വ്യാജ പ്രചാരണമാണ്. കാര്യമറിയാതെ വിമര്ശിച്ച് കേരളീയത്തിന്റെ ശോഭ കെടുത്തരുതെന്നും ആദിവാസി സമൂഹത്തെ അവഹേളിക്കരുതെന്നും ഫോക്ലോര് അക്കാദമി ചെയര്മാന് പറഞ്ഞു.

നിരുപദ്രവകരമായിട്ടാണ് ഫോക്ലോര് അക്കാദമി അങ്ങനെ ചെയ്തതെന്ന് പറഞ്ഞ മന്ത്രി കെ രാധാകൃഷണന് ആദിവാസികളെ ഷോകേസ് ചെയ്യുന്നതിനോട് വ്യക്തിപരമായി തനിക്ക് എതിര്പ്പുണ്ടെന്ന് പ്രതികരിച്ചിരുന്നു.

പഴയ കാര്യങ്ങള് പുതിയ കാലഘട്ടത്തില് കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്വം. പഴമയുടെ അവസ്ഥ എന്തായിരുന്നു എന്ന് കാണിക്കുന്നതാണ് ഫോക്ലോര് അക്കാദമിയുടെ ഉത്തരവാദിത്വം അതിന്റെ ഭാഗമായിട്ടാണ് പഴയകാലത്ത് ജീവിതം ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു.

അത് താന് കണ്ടിട്ടില്ല. ഇന്നലെ ഇതറിഞ്ഞ വേളയില് തന്നെ സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ടു. നിരുപദ്രവം ആയിട്ടാണ് അവര് ചെയ്തത്. തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് ആദിവാസി ജനവിഭാഗം പ്രദര്ശന വസ്തു അല്ല എന്നത് തന്നെയാണ്. ഷോകേസ് വയ്ക്കേണ്ട ഒന്നല്ല ആദിവാസികള്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില് ഫോക്ലോര് അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

To advertise here,contact us