തലശേരി കോടതിയിലെ ജീവനക്കാരുടെ കൂട്ടദേഹാസ്വാസ്ഥ്യം, വില്ലനായത് 'സിക്ക'; പരിഹാരവും തീരുമാനിച്ചു

രോഗ ബാധിതയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജഡ്ജി സുഖം പ്രാപിച്ചു. എന്നാൽ സമീപകാലത്തൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത രോഗം എങ്ങനെയാണ് തലശേരി കോടതിയിലെത്തിയെന്നത് ആശങ്കയുണ്ടാക്കുന്നു.

കണ്ണൂർ: തലശേരി ജില്ലാ കോടതി സമുച്ചയത്തിൽ കൂട്ടത്തോടെ ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത് സിക്ക വൈറസ് കാരണമെന്ന് സ്ഥിരീകരണം. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. പ്രദേശത്ത് കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകി.

ജഡ്ജിമാരെയും ജീവനക്കാരെയും അഭിഭാഷകരേയും കൂട്ടത്തോടെ വലച്ച വില്ലനാണ് സിക്ക വൈറസ്. ദേഹാസ്വാസ്ഥ്യം പ്രകടമായവരിൽ നിന്നും മെഡിക്കൽ സംഘം ശേഖരിച്ച രക്തവും സ്രവവും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ പരിശോധന ഫലത്തിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ.കെ.അജിത് കുമാറിന് റിപ്പോർട്ട് കൈമാറി.

ഈഡിസ് കൊതുകിലൂടെയാണ് സിക്ക പടരുന്നത്. അതിനാൽ തന്നെ കോടതി വളപ്പിലും സമീപ പ്രദേശങ്ങളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. രോഗ ബാധിതയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജഡ്ജി സുഖം പ്രാപിച്ചു. എന്നാൽ സമീപകാലത്തൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത രോഗം എങ്ങനെയാണ് തലശേരി കോടതിയിലെത്തിയെന്നത് ആശങ്കയുണ്ടാക്കുന്നു.

To advertise here,contact us