'ഗോവിന്ദൻ മാഷ് ബിജെപിയുടെ ഏജന്റിനെ പോലെ'; കൃഷ്ണൻകുട്ടിയെ ഒഴിവാക്കാത്തത് അധാർമ്മികമെന്ന് ചെന്നിത്തല

'ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ബിജെപിയുമായുള്ള അന്തർധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമാണ്'

തിരുവനന്തപുരം: കെ കൃഷ്ണൻകുട്ടി മന്ത്രി സ്ഥാനത്ത് തുടരുന്നതിനെ ന്യായീകരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ബിജെപിയുടെ ഏജൻ്റിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജെഡിഎസ് സംസ്ഥാന നേതൃത്വം തങ്ങൾ ദേവഗൗഡയ്ക്ക് ഒപ്പമല്ല എന്നു പറഞ്ഞാൽ തീരുന്ന കാര്യമാണോ? ദേശീയ പ്രസിഡൻ്റ് ദേവഗൗഡ വിപ്പ് നൽകിയാൽ അംഗീകരിച്ചല്ലേ മതിയാകൂ. അപ്പോൾ പിന്നെ എങ്ങനെയാണ് ഇവർക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലും മന്ത്രിസഭയിലും തുടരാൻ കഴിയുക എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ബിജെപിയുടെ ഘടകകക്ഷിയായ ജെഡിഎസ് അംഗമെന്നും കെ കൃഷ്ണൻകുട്ടിയെ രമേശ് ചെന്നിത്തല വിശേഷിപ്പിച്ചു. ഗോവിന്ദൻ മാഷിൻ്റെ ന്യായീകരണം കേട്ടാൽ തോന്നും സിപിഐഎമ്മും ബിജെപിയുടെ ഘടകകക്ഷിയാണെന്ന്. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് പാർട്ടി സെക്രട്ടറി പറയുന്നത്. ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ബിജെപിയുമായുള്ള അന്തർധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇതിലൂടെ വ്യക്തമാകുന്നത് രണ്ടാം പിണറായി സർക്കാറിന് ലഭിച്ച ബിജെപി വോട്ട് പാർലമെൻ്റ് ഇലക്ഷനിലും ലഭിക്കുമെന്ന ആത്മവിശ്വാസം തന്നെയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ഇതിൻ്റെ നീക്കുപോക്ക് സജീവമായി തുടരുന്നതിനാലാണ് ഔദ്യോഗികമായി ബിജെപിയുടെ ഭാഗമായ കൃഷ്ണൻകുട്ടിയെ മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കാത്തതിനു പിന്നിൽ. കൃഷ്ണൻകുട്ടിയെ ഒഴിവാക്കാത്തത് അധാർമ്മിക നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപിക്കൊപ്പം പ്രവർത്തിക്കാനുള്ള ജെഡിഎസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് കഴിഞ്ഞ ദിവസം ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ പറഞ്ഞിരുന്നു. ഇതിന് എതിരെ എം വി ഗോവിന്ദനും ജെഡിഎസ് കേരളഘടകം നേതാവ് മന്ത്രി കെ കൃഷ്ണൻകുട്ടിയും പ്രതികരിച്ചിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി എം ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എച്ച് ഡി ദേവഗൗഡയുടെ പരാമർശം. എന്നാൽ മണിക്കൂറുകൾക്കകം അദ്ദേഹം ഇതേ പ്രസ്താവന തിരുത്തുകയും ചെയ്തു. പിണറായി അനുമതി നൽകിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു ദേവഗൌഡ തിരുത്തിയത്.

ഇടതുമുന്നണിക്ക് രാജ്യത്തെമ്പാടുമുള്ള നിലപാട് ഒന്നാണെന്നാണ് എച്ച് ഡി ദേവഗൗഡയുടെ പരാമർശത്തിനെതിരെ എം വി ഗോവിന്ദൻ പ്രതികരിച്ചത്. ബിജെപിക്കെതിരെ അതിശക്തമായ നിലാപാടാണ് എക്കാലത്തും പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ബിജെപിയും കോൺഗ്രസ്സും ഒന്നിച്ച് ചേരാൻ വേണ്ടി എൽഡിഎഫിനെ തോൽപ്പിക്കാൻ നടക്കുകയാണ്. ബിജെപിയെ തോൽപ്പിക്കുക എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇൻഡ്യ മുന്നണിയെ ഇത് ബാധിക്കുമെന്ന് കോൺഗ്രസ് മനസിലാക്കുന്നില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞിരുന്നു.

ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്കൊപ്പം സഖ്യം ചേർന്ന പശ്ചാത്തലത്തിൽ സ്വതന്ത്രമായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന് കീഴിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കാൻ കേരള ഘടകത്തിൽ ധാരണയായിട്ടുണ്ട്. കേരള ഘടകത്തിന് ജെഡിഎസ് ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഗാന്ധിയൻ - ലോഹ്യ ആശയങ്ങളുളള സമാന മനസ്കരുമായി ചർച്ച നടത്തും. ഇതര പാർട്ടികളുമായി യോജിക്കുന്നതിൽ എടുത്തുചാടി തീരുമാനം വേണ്ടെന്നും പാർട്ടി യോഗത്തിൽ ധാരണയായി. ഭാവി പരിപാടികൾ ആലോചിക്കാൻ നേതൃയോഗം ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

To advertise here,contact us