'എം എം മണിക്ക് വിഭ്രാന്തി, പി ജെ ജോസഫിനെതിരെ പറയാൻ എന്ത് യോഗ്യത?'; സജി മഞ്ഞക്കടമ്പിൽ

തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫെന്ന് എം എം മണി പറഞ്ഞിരുന്നു

തൊടുപുഴ: സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം എം മണിയ്ക്ക് മറുപടിയുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. എം എം മണിക്ക് വിഭ്രാന്തിയെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫ് എന്നും വോട്ട് ചെയ്തവർ ഗതികെട്ടവരാണെന്നും എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാമർശത്തിനാണ് സജിയുടെ മറുപടി.

പി ജെ ജോസഫിനെതിരെ പറയാൻ മണിക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മണിയുടെയും സഹോദരൻ്റെയും ഭൂമി കയ്യേറ്റത്തിനെതിരെയുള്ള നടപടികളാണ് മണിയെ പ്രകോപ്പിക്കുന്നത്. കളരിയിൽ പോകാത്ത ആളെ എങ്ങനെ ആശാനെന്ന് വിളിക്കുമെന്നും സജി മഞ്ഞക്കടമ്പിൽ ചോദിച്ചു.

പി ജെ ജോസഫ് നിയമസഭയിൽ കാലുകുത്തുന്നില്ലെന്നും ഹൈറേഞ്ചിൽ ആയിരുന്നെങ്കിൽ ആളുകൾ എടുത്തിട്ട് ചവിട്ടിയേനെയെന്നും എം എം മണി പറഞ്ഞിരുന്നു. രോഗം ഉണ്ടെങ്കിൽ ചികിത്സിക്കണം. വോട്ടർമാർ ജോസഫിന്റെ വീട്ടിലേക്ക് മാർച്ച് നടത്തണമെന്നും എം എം മണി പറഞ്ഞു. ഇടുക്കി എം പി ഡീൻ കുര്യക്കോസിനേയും എംഎം മണി പരിഹസിച്ചു. ഡീൻ കുര്യക്കോസ് എം പിയെ കാണാനില്ല. എവിടെയോ ഒന്ന് രണ്ടു പരിപാടിക്ക് കണ്ടു എന്നും എം എം മണി പറഞ്ഞു.

To advertise here,contact us