തിരുവനന്തപുരം: സാദിഖ് അലി തങ്ങളുടെയും, ജിഫ്രി തങ്ങളുടെയും പ്രസ്താവനയോടെ നിലവിലെ വിവാദങ്ങൾ അവസാനിച്ചുവെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സമസ്തയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് ഇടി മുഹമ്മദ് ബഷീറിൻ്റെ പ്രതികരണം. സമസ്തയും ലീഗും ഒരേ ചിന്താധാരയിൽ നിൽക്കുന്ന പ്രസ്ഥാനങ്ങളാണ്. പ്രശ്നങ്ങൾ നല്ല നിലയിൽ തീർന്നു പോകുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യത്തിൽ ഇനി ചർച്ചകൾ അനാവശ്യമാണെന്നും ഇ ടി മുഹമ്മദ് ബഷീർ എം പി റിപ്പോർട്ടറിനോട് പറഞ്ഞു.
മറ്റെന്തെങ്കിലും പറഞ്ഞ് പ്രശ്നം സങ്കീർണമാക്കാൻ ഉദ്ദേശിക്കുന്നില്ല. നെഗറ്റീവുകൾ ചൂഴ്ന്നെടുക്കരുത്. നേതാക്കളുടെ പ്രസംഗം പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ളത് ആണ്. വിവാദം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
സമസ്ത നേതാക്കൾക്കെതിരെയുളള മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമർശം മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഉരസലിലേക്ക് നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫോൺ കോളുകള് വന്നാല് എല്ലാമായി എന്ന് കരുതുന്നവര് പ്രതികരിക്കണം എന്നായിരുന്നു സലാമിന്റെ പരാമര്ശം. മുഖ്യമന്ത്രിയുമായി സമസ്ത ഇകെ വിഭാഗം നേതൃത്വം വെച്ചു പുലര്ത്തുന്ന അടുപ്പം മുമ്പും ചര്ച്ചയായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് ഫോൺ വിളിക്കാറുണ്ടെന്ന് സമസ്ത അധ്യക്ഷന് ജിഫ്രി തങ്ങളും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ബന്ധം ഓര്മ്മിപ്പിച്ചാണ് സമസ്തക്ക് എതിരെ പരോക്ഷ വിമര്ശനവുമായി സലാം രംഗത്ത് എത്തിയതെന്നായിരുന്നു സമസ്തയുടെ പരാതി. വഖഫ് പ്രക്ഷോഭത്തില് സമസ്ത പുറകോട്ട് പോയതിനെ പരോക്ഷമായും പറഞ്ഞിരുന്നു. പിഎംഎ സലാമിന്റെ പരാമർശത്തിനെതിരെ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള് രംഗത്തെത്തി. ആക്ഷേപം മാന്യതക്ക് യോജിക്കാത്തതാണെന്നും ഭരണകര്ത്താക്കളുമായി സംസാരിക്കുന്നതിനെ ആക്ഷേപിക്കുന്നത് മാന്യതക്ക് യോജിച്ചതല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള് പറഞ്ഞിരുന്നു.
എസ്കെഎസ്എസ്എഫിന്റെ പ്രസിഡന്റ് ആരെന്ന് ആര്ക്കുമറിയില്ലെന്ന പരാമർശവും പിഎംഎ സലാം നടത്തിയിരുന്നു. പാണക്കാട് ഹമീദലി തങ്ങളെ കൊച്ചാക്കുന്ന പ്രസ്താവനയാണ് സലാമിന്റേതെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് പറഞ്ഞിരുന്നു. വഹാബിസം തലയില് കയറിയ സലാം പലതും വിളിച്ചുപറയുന്നു. കോമാളി വേഷം കെട്ടിയവര്ക്ക് ലൈസന്സ് നല്കി കളി കാണുന്നവര് മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വിചാരണയില് പരാജയം ഏറ്റ് വാങ്ങേണ്ടിവരുമെന്നും ഒ പി അഷ്റഫ് കുറ്റിക്കടവ് മുന്നറിയിപ്പ് നല്കിയിരുന്നു. പ്രസ്താവനക്ക് പിന്നാലെ ലീഗിന് അകത്തും സലാമിനെതിരെ അമര്ഷമുയർന്നു. കണ്ടം ചാടി വന്നവര്ക്ക് പാര്ട്ടിയിലെ ഉന്നതസ്ഥാനം നല്കുന്നത് ലീഗ് നേതൃത്വം ആലോചിക്കണമെന്നും സലാമിനെ മാറ്റിയാല് സംഘടനയ്ക്ക് ഗുണം ചെയ്യുമെന്നും സമസ്ത സെക്രട്ടറി ഉമര് ഫൈസി മുക്കം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.