കൊച്ചി: കുടുംബശ്രി ജില്ലാ മിഷന് 'തിരികെ സ്കൂളില്' പദ്ധതിയുടെ ഭാഗമായി അംഗങ്ങളെ സ്വീകരിക്കാനുള്ള വനിതകളെ തെരഞ്ഞെടുത്തതില് കെകെ രമ എംഎല്എയെ ഒഴിവാക്കിയത് വിവാദത്തില്. തന്നെ ഒഴിവാക്കിയതിന് പിന്നില് രാഷ്ട്രീയമാണെന്ന് കെകെ രമ എംഎല്എ റിപ്പോര്ട്ടര് ലൈവിനോട് പ്രതികരിച്ചു. തന്നെ ഉള്പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടാവും. അറിയാതെ സംഭവിച്ചതെന്നാണ് പേഴ്സണൽ അസിസ്റ്റൻ്റ് കോര്ഡിനേഷന് മിഷനെ ബന്ധപ്പെട്ടപ്പോള് പ്രതികരിച്ചതെന്നും കെകെ രമ പറഞ്ഞു.
സംസ്ഥാനത്താകെ കുടുംബശ്രീ അംഗങ്ങളായ 46 ലക്ഷം പേര് പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും പരിപാടി ആസൂത്രണം ചെയ്തത്. കുടുംബശ്രീ 25 വര്ഷം പിന്നിട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു വിവിധ മേഖലകളില് പ്രശസ്തരായ 25 വനിതകള് വിവിധ കേന്ദ്രങ്ങളിലായി പതാക വീശി ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതില് നിന്നാണ് കെകെ രമയെ ഒഴിവാക്കിയത്. സംഭവം ചര്ച്ചയായ സാഹചര്യത്തിലും കുടുംബശ്രീ മിഷന് ഇക്കാര്യത്തില് പ്രതികരിച്ചിട്ടില്ല.
ജില്ലയിലെ തന്നെ വനിതാ എംഎല്എയായ കെകെ രമയെ മനപൂര്വ്വം ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാര്ഹമാണെന്ന് മഹിളാ ഫെഡറേഷന് ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി. കുടുംബശ്രീ മിഷന് പോലെ രാഷ്ട്രീയത്തിന് അതീതമായി നിലകൊള്ളുന്ന ഒരു സ്വതന്ത്രസംവിധാനം വിലകുറഞ്ഞ രാഷ്ട്രീയകളി നടത്തുന്നത് കുടുംബശ്രീ അംഗങ്ങള്ക്ക് തന്നെ അപമാനകരമാണ്. ജില്ലയിലെ മേയര്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , മറ്റൊരു വനിതാ എംഎല്എ എന്നിവര് വനിതാ രത്നങ്ങളെന്ന പേരില് പട്ടികയില് സ്ഥാനം പിടിച്ചപ്പോള് ജില്ലയിലെ വനിതാ എംഎല്എയായ കെകെ രമയെ തഴഞ്ഞത് വില കുറഞ്ഞ രാഷ്ട്രീയ കളിയാണെന്ന് ആര്ക്കും മനസ്സിലാവുമെന്നും മഹിളാ ഫെഡറേഷന് പ്രസ്താവനയില് കുറ്റപ്പെടുത്തി.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന് നടപ്പിലാക്കുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിപാടിയാണ് 'തിരികെ സ്കൂളിലേക്ക്'. പരിപാടിയുടെ ഭാഗമായി 46 ലക്ഷം പേരെയാണ് തിരികെ സ്കൂളിലേക്ക് എത്തിച്ചത്. 2023 ഒക്ടടോബര് ഒന്നിന് പാലക്കാട് തൃത്താലയില് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.