രാജ്യസഭാ എംപി ആകണമെന്ന് ആഗ്രഹം; അപ്പുറത്തുള്ള പലരുടെയും മനസ് ബിജെപിക്കൊപ്പം: എ പി അബ്ദുള്ളക്കുട്ടി

'ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്കൊപ്പം നിൽക്കുന്ന നിലപാടാണ് ബിജെപി സർക്കാരിന്റേത്'

കൊച്ചി: തനിക്ക് രാജ്യസഭാ എംപി ആകണം എന്നാണ് ആഗ്രഹമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കേരളത്തിൽ നിന്ന് ബിജെപി എംഎൽഎമാർ തിരഞ്ഞെടുക്കുന്ന ഒരു രാജ്യസഭാ അംഗം ആകണമെന്നാണ് തന്റെ സ്വപ്നമെന്നും റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ബിജെപിയുടെ വിജയത്തിന്റെ ചരിത്രത്തിന് തുടക്കം കുറിക്കും. അതിനുശേഷം നിയമസഭയിൽ ബിജെപിക്ക് വലിയതോതിൽ മുന്നേറ്റമുണ്ടാകും.

ബിജെപി കേരള രാഷ്ട്രീയത്തിൽ വലിയൊരു ശക്തിയായി മാറും. ഇവിടത്തെ എംഎൽഎമാർ തിരഞ്ഞെടുക്കുന്ന ഒരു രാജ്യസഭാംഗം ആകണം എന്നതാണ് ആഗ്രഹം. കേരളത്തിലെ രാഷ്ട്രീയം കലങ്ങിമറിയുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തിൽ ബിജെപിയൊരു വലിയ ശക്തിയായി മാറും. അപ്പുറത്തു നിൽക്കുന്ന പലരും ഞങ്ങൾക്കൊപ്പം വരും. ഇപ്പോൾത്തന്നെ അവരിൽ പലരുടെയും മനസ് ബിജെപി ഉയർത്തുന്ന വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പർദയ്ക്കുള്ളിൽ തേങ്ങും ഹൃദയം, ഒരുനാളുണരും ഇന്ത്യൻ മണ്ണിൽ' എന്ന് യുവാവായിരിക്കുമ്പോൾ മുദ്രാവാക്യം വിളിപ്പിച്ചതാണ് ഇടതുപക്ഷം. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തെ പതിറ്റാണ്ടുകൾ പിറകോട്ട് കൊണ്ടുപോകുന്ന ചില വേഷവിധാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനുള്ള വിയോജിപ്പാണ് തനിക്ക് തട്ടം വിഷയത്തിലുള്ളതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ

'ഇന്ത്യയിലെ പത്തുവർഷത്തെ വികസനത്തെ, ബിജെപിയുടെ ഭരണത്തെ നിങ്ങളൊന്നു വിശകലനം ചെയ്തു നോക്കൂ. പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് ബിജെപി. യുപിയിൽ ചെന്നുനോക്കൂ. മോദിയും യോഗിയും വന്നതിനു ശേഷം അവിടെയുള്ള മുസ്ലിം ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിച്ചു, വൈദ്യുതിയെത്തിച്ചു. ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്കൊപ്പം നിൽക്കുന്ന നിലപാടാണ് ബിജെപി സർക്കാരിന്റേത്. യുപിയിലെ എല്ലാ മാഫിയ സംഘത്തെയും അടിച്ചമർത്തി. അവിടെ സമാധാനം കൈവരിച്ചിരിക്കുന്നു. മത സൗഹാർദം ഉണ്ടാക്കിയിരിക്കുന്നു.

എനിക്ക് ഒരു ലോക്സഭാ എംപിയല്ല, രാജ്യസഭാ എംപി ആകണം എന്നാണ് എന്റെ ഉള്ളിലുള്ള ആഗ്രഹം. എനിക്ക് തുറന്നുപറയാനുള്ളത് അതാണ്. ഈ കേരളത്തിൽ നിന്ന് ബിജെപി എംഎൽഎമാർ തിരഞ്ഞെടുക്കുന്ന ഒരു രാജ്യസഭാ അംഗം ആകണമെന്നാണ് എന്റെ സ്വപ്നം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ബിജെപിയുടെ വിജയത്തിന്റെ ചരിത്രത്തിന് തുടക്കം കുറിക്കും. അതിനുശേഷം നിയമസഭയിൽ ബിജെപിക്ക് വലിയതോതിൽ മുന്നേറ്റമുണ്ടാകും. ബിജെപി കേരള രാഷ്ട്രീയത്തിൽ വലിയൊരു ശക്തിയായി മാറും. ഇവിടത്തെ എംഎൽഎമാർ തിരഞ്ഞെടുക്കുന്ന ഒരു രാജ്യസഭാംഗം ആകണം എന്നതാണ് ആഗ്രഹം.

കേരളത്തിലെ രാഷ്ട്രീയം കലങ്ങിമറിയും. കേരളത്തിന്റെ സാമ്പത്തിക മേഖല തകർത്തുതരിപ്പണമാക്കിയ പിണറായി വിജയനോടും, എൽഡിഎഫിനോടും യുഡിഎഫിനോടും യുവതലമുറക്ക് വലിയ പ്രതിഷേധമുണ്ട്. ജനസമ്മതിയുള്ള നിരവധി നേതാക്കൾ നമുക്കൊപ്പം വരും. കേരളത്തിൽ ബിജെപിയൊരു വലിയ ശക്തിയായി മാറും. അപ്പുറത്തു നിൽക്കുന്ന പലരും ഞങ്ങൾക്കൊപ്പം വരും. ഇപ്പോൾത്തന്നെ അവരിൽ പലരുടെയും മനസ് ബിജെപി ഉയർത്തുന്ന വികസന രാഷ്ട്രീയത്തിനൊപ്പമാണ്.

പർദയ്ക്കുള്ളിൽ തേങ്ങും ഹൃദയം, ഒരുനാളുണരും ഇന്ത്യൻ മണ്ണിൽ' എന്ന് യുവാവായിരിക്കുമ്പോൾ നമ്മളെക്കൊണ്ടൊക്കെ മുദ്രാവാക്യം വിളിപ്പിച്ചതാണ് ഇടതുപക്ഷം. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തെ പതിറ്റാണ്ടുകൾ പിറകോട്ട് കൊണ്ടുപോകുന്ന ചില വേഷവിധാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനുള്ള വിയോജിപ്പാണ് എനിക്കീ വിഷയത്തിലുള്ളത്'.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us