ബാലഗ്രാം സര്വ്വീസ് സഹകരണ ബാങ്കിലും ക്രമക്കേട്; ഏലക്കാ കച്ചവടത്തില് മാത്രം നഷ്ടം ലക്ഷങ്ങൾ

2023 ഫെബ്രുവരി 28ന് അംഗീകരിച്ച 2021-22 സാമ്പത്തിക വര്ഷത്തിലെ ബാലഗ്രാം സര്വ്വീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്ട്ടിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി വ്യക്തമാകുന്നത്.

നെടുങ്കണ്ടം: ബാലഗ്രാം സര്വ്വീസ് സഹകരണ ബാങ്കിലും ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്ട്ട്. ഓഡിറ്റ് റിപ്പോര്ട്ടിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു. ബാങ്ക് നടത്തിയ ഏലക്കാ കച്ചവടത്തില് മാത്രം ബാങ്കിന് നഷ്ടമായത് മുപ്പത്തിയാറ് ലക്ഷത്തിലധികം രൂപയാണ്. ക്രമക്കേടില് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം നെടുങ്കണ്ടം പൊലീസില് പരാതി നല്കി.

ഇടുക്കിയിലെ സാധാരണക്കാരായ കൂലിപ്പണിക്കാരുടെയും കര്ഷകരുടെയും ആശ്രയവും ആശ്വാസവുമാണ് സഹകരണ ബാങ്കുകള്. വട്ടിപലിശക്കാരും ബ്ലേഡ് മാഫിയയും ഇടുക്കിയില് പിടിമുറുക്കാത്തതിന് കാരണവും ഈ സഹകരണ ബാങ്കുകള് തന്നെ. എന്നാല് ഇവിടുത്തെയും ചില സഹകരണ ബാങ്കുകളില് ലക്ഷങ്ങളുടെ ക്രമക്കേടുകളാണ് ഇപ്പോള് പുറത്ത് വരുന്നത്. അതിലൊന്നാണ് ബാലഗ്രാം സഹകരണ ബാങ്ക്.

2023 ഫെബ്രുവരി 28ന് അംഗീകരിച്ച 2021-22 സാമ്പത്തിക വര്ഷത്തിലെ ബാലഗ്രാം സര്വ്വീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്ട്ടിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നായി വ്യക്തമാകുന്നത്. 2021ലെ സ്റ്റോക്ക് സേറ്റ്മെന്റ് പ്രകാരം 13107485 രൂപ വിലവരുന്ന 9027.7 കിലോഗ്രാം ഏലക്കായായിരുന്നു. ഇതില് നിന്ന് 8914 കിലോഗ്രാം ഏലക്ക 9461108 രൂപയ്ക്കാണ് വില്പ്പന നടത്തിയത്. അന്ന് ശരാശരി വില 1451. 97 രൂപ നിലനില്ക്കുമ്പോള് 1030. 94 രൂപയ്ക്കാണ് വില്പ്പന നടത്തിയത്. ഇത്തരത്തില് വിലയില് കുറവുണ്ടായ ഇനത്തിലും ഉണ്ടായിരുന്ന സ്റ്റോക്കില് കുറവുണ്ടായ ഇനത്തിലും മാത്രം ബാങ്കിന് നഷ്ടമായത് 36,46,377 രൂപയാണെന്നും ഓഡിറ്റ് റിപ്പോര്ട്ടില് വ്യക്തമാകുന്നു.

ഇത് മാത്രമല്ല ഏലക്കാ വ്യാപാരത്തിന് വേണ്ടി ബാങ്ക് അഡ്വാന്സ് കൊടുത്ത 4,45,930 രൂപ ഇനിയും ബാങ്കിലേയ്ക്ക് തിരിച്ചടച്ചിട്ടില്ലെന്നും ഇത് 18 ശതമാനം പലിശ സഹിതം ഉത്തരവാദിത്തപ്പെട്ടവരില് നിന്ന് ഈടാക്കണമെന്നും റിപ്പോര്ട്ടില് പരാമര്ശമുണ്ട്. ക്രമക്കേടില് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രാദേശിക നേതൃത്വം നെടുങ്കണ്ടം പൊലീസില് പരാതി നല്കുകയും ചെയ്തു.

കരിവന്നൂര് ബാങ്ക് തട്ടിപ്പടക്കം ഇടത് സര്ക്കാരിനെതിരയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാര്ട്ടികള് സംസ്ഥാനത്താകെ പ്രതിരോധം തീര്ക്കുമ്പോഴാണ് സിപിഐഎം നേതൃത്വം നല്കുന്ന ബാലഗ്രാം ബാങ്കിലെ ക്രമക്കേട് ഓഡിറ്റ് റിപ്പോര്ട്ടിലൂടെ പുറത്ത് വരുന്നതും പ്രതിഷേധം ശക്തമാകുന്നതും.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us