കുതിച്ച് കേരളത്തിന്റെ രണ്ടാം വന്ദേഭാരത്; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയിൽ പുതിയതായി സർവീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്

തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വന്ദേഭാരത് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഇന്ത്യയിൽ പുതിയതായി സർവീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്.

കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി തുടങ്ങിയവർ പങ്കെടുത്തു. ആദ്യ യാത്രയിൽ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. കണ്ണൂർ,കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ജംങ്ഷൻ, ആലപ്പുഴ, കൊല്ലം സ്റ്റേഷനുകൾക്ക് പുറമെ തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പുണ്ടാകും. ഒന്നാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ വലിയ പ്രതിഷേധം റെയിൽവെ നേരിടേണ്ടി വന്നിരുന്നു.

ചൊവ്വാഴ്ച തിരുവനന്തപുരത്തു നിന്നാണ് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സര്വീസ് ആരംഭിക്കുക. ബുധനാഴ്ച കാസര്കോട് നിന്നും സർവീസ് നടത്തും . ആഴ്ചയില് ആറ് ദിവസമാണ് സര്വീസ് നടത്തുക. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില് തിരുവനന്തപുരത്ത് നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില് കാസര്കോട്ടു നിന്നും സര്വീസ് നടത്തും.

കാസർകോട് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് 3.05 തിരുവനന്തപുരത്തും വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 11.58 ന് കാസർകോട് എത്തുന്ന രീതിയിലാണ് പുതിയ വന്ദേഭാരതിന്റെ സമയക്രമം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us