'അയ്യന്തോളില് നടന്നത് 100 കോടിയുടെ തട്ടിപ്പ്'; കരുവന്നൂരിനെക്കാള് ഭീകരമെന്ന് അനില് അക്കര

റിട്ടയേഡ് സ്കൂള് അധ്യാപിക ശാരദയെയാണ് മലപ്പുറം സ്വദേശിയായ അബൂബക്കര് പറ്റിച്ചത്

തൃശൂര്: കരുവന്നൂരിനെക്കാള് ഭീകര തട്ടിപ്പാണ് അയ്യന്തോള് സഹകരണ ബാങ്കില് തടന്നതെന്ന് കോണ്ഗ്രസ് നേതാവ് അനില് അക്കര. റിട്ടയേഡ് സ്കൂള് അധ്യാപിക ശാരദയുടെ ഭൂമി പണയപ്പെടുത്തിയ വാര്ത്ത ഞെട്ടിച്ചു. ആകെ 100 കോടി രൂപയുടെ തട്ടിപ്പാണ് അയ്യന്തോള് സഹകരണ ബാങ്കില് നടത്തിയതെന്നും അനില് അക്കരെ ആരോപിച്ചു. അയ്യന്തോള് ബാങ്ക് മുന് പ്രസിഡന്റ് പി സുധാകരന്, ബാങ്ക് മുന് സെക്രട്ടറി സുനന്ദ ഭായ് എന്നിവരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. കോലഴിയില് വലിയ മാഫിയ സംഘം ഉണ്ട്. വ്യാജ വിലാസത്തില് ആണ് ഇവര് തട്ടിപ്പ് നടത്തുന്നത്. ശാരദയുടെ വിഷയത്തില് തീരുന്നത് അല്ല അയ്യന്തോള് തട്ടിപ്പെന്നും അനില് അക്കര പറഞ്ഞു.

റിട്ടയേഡ് സ്കൂള് അധ്യാപിക ശാരദയെയാണ് മലപ്പുറം സ്വദേശിയായ അബൂബക്കര് പറ്റിച്ചത്. ശാരദയുടെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി അബൂബക്കര് അയ്യന്തോള് ബാങ്കില് നിന്ന് ലോണ് എടുത്തു. ശാരദയോ അബൂബക്കറോ അയ്യന്തോള് ബാങ്ക് പരിധിയില് വരുന്നവരല്ല. ലോണ് പാസ്സാക്കാന് അബൂബക്കറും ബാങ്കുകാരും ഒത്തുകളിച്ചു എന്നാണ് ശാരദയുടെ ആരോപണം.

ഒരു വര്ഷത്തിനുള്ളില് തിരിച്ചടയ്ക്കാം എന്ന് അബൂബക്കര് പറഞ്ഞിരുന്നുവെന്നും ശാരദ ആരോപിക്കുന്നു. നേരത്തെ ഇത് സംബന്ധിച്ച് ശാരദയുടെ പരാതിയില് തൃശ്ശൂര് വെസ്റ്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് ശാരദ ഇഡിക്ക് പരാതി നല്കിയിട്ടുണ്ട്. തൃശ്ശൂര് വെസ്റ്റ് പൊലീസ് രജിസ്റ്റര് ചെയ്ത എഫ്ഐആറിനെക്കുറിച്ചും പരാതിയില് സൂചിപ്പിച്ചിട്ടുണ്ട്. സിപിഐഎം നേതാവാണ് അബൂബക്കര്.

അതേസമയം തൃശ്ശൂര് കാട്ടാകാമ്പല് മള്ട്ടിപര്പ്പസ് ബാങ്കിലും വായ്പ തട്ടിപ്പ് നടന്നെന്നാണ് പുറത്തുവരുന്ന വിവരം. ഭരണ സമിതി സെക്രട്ടറി വി ആര് സജിത് ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടി. പണയപ്പെടുത്തിയ ആഭരണങ്ങള് മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റി എന്നിങ്ങനെയാണ് ആരോപണം. സജിത്തിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്. കോണ്ഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

To advertise here,contact us