മുജാഹിദുകളും, ജമാഅത്തും മുസ്ലിമുകളല്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന; സംഘടനകൾക്കിടയിൽ തർക്കം രൂക്ഷം

മുസ്ലീങ്ങളെ ഇസ്ലാമിൽ നിന്ന് പുറത്താക്കുന്നത് ഗൗരവതരമാണെന്ന് സമസ്ത ഇ കെ വിഭാഗവും പ്രതികരിച്ചു

കോഴിക്കോട്: കുണ്ടൂർ ഉറൂസ് പരിപാടിയിൽ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ നടത്തിയ വിവാദ പരാമർശത്തെ ചൊല്ലി മുസ്ലിം സംഘടനകൾക്കിടയിൽ തർക്കം. മുജാഹിദുകളും, ജമാഅത്ത് ഇസ്ലാമിക്കാരും മുസ്ലിംകൾ അല്ലെന്നായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. മുസ്ലിം സമുദായത്തെ തമ്മിലടിപ്പിച്ച് കാര്യം നേടുന്നത് കാന്തപുരം അവസാനിപ്പിക്കണമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മുജാഹിദുകള് മുസ്ലീങ്ങളല്ലെന്നല്ല കാന്തപുരത്തിന്റെ വാദവും സുന്നികള് ബഹുദൈവ വിശ്വാസികളാണെന്ന വാദവും ഒരേ പോലെ തെറ്റാണെന്നാണ് ഇ കെ സമസ്ത വിഭാഗത്തിന്റെ നിലപാട്.

സമുദായത്തില് ഉൾപെട്ടവർ ആരൊക്കെയാണെന്ന് തീരുമാനിക്കാന് കാന്തപുരത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെഎന്എം മര്കസുദ്ദഅവ സംസ്ഥാന ജന: സെക്രറി സിപി ഉമര് സുല്ലമി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഫാസിസ്റ്റ് കാലത്ത് ഭിന്നതകൾ മറന്ന് എല്ലാവരും ഒന്നിക്കുമ്പോൾ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണ്. പരസ്പരം പോരടിക്കുന്ന ഇരു വിഭാഗങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തണമെന്ന് ഇ കെ സമസ്ത സംഘടനയായ എസ് വൈ എസ് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

അതേസമയം, വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് സമൂഹത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കരുതെന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. പ്രവാചകൻ മുഹമ്മദ് നബി കൊണ്ടുവന്ന മുഴുവൻ വിഷയങ്ങളും പൂർണമായി സ്വീകരിക്കുമ്പോഴാണ് വിശ്വാസം പൂർണമാകുന്നതെന്നും കാന്തപുരം പറഞ്ഞു. നബി ദിനാഘോഷവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സുന്നികൾക്കും സലഫികൾക്കുമിടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ചർച്ചകളെന്നാണ് വിലയിരുത്തൽ.

To advertise here,contact us