'സംസ്ഥാന ചരിത്രത്തിലെ നിര്ണായക ഭേദഗതി';എല്ഡിഎഫ് പ്രകടനപത്രികയിലെ ഉറപ്പ് പാലിക്കലെന്ന് മുഖ്യമന്ത്രി

'വ്യാപനം തടയുന്നതിനും രോഗബാധിതര്ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടിയുമായാണ് മുന്നോട്ട് പോകുന്നത്'

തിരുവനന്തപുരം: നിപ ഭീഷണി തടയാന് കൃത്യമായ മുന്കരുതല് സംസ്ഥാനം സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിപഭീഷണി പൂര്ണമായി ഒഴിഞ്ഞുപോയെന്ന പറയാനാകില്ല. കൂടുതല് പേരിലേക്ക് രോഗം പടര്ന്നില്ലെന്നതാണ് ആശ്വാസം. വ്യാപനം തടയുന്നതിനും രോഗബാധിതര്ക്ക് മികച്ച ചികിത്സയ ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടിയുമായാണ് മുന്നോട്ട് പോകുന്നത്.

സംസ്ഥാനത്തെ മുഴുവന് ആരോഗ്യ സംവിധാനവും ജാഗ്രതയോടെ ഉദ്യമത്തില് പങ്കാളിയായി. കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാന് ശാസ്ത്രീയമായ മുന്കരുതല് സ്വീകരിച്ചിട്ടുള്ളത്. തുടക്കത്തില് തന്നെ കണ്ടെത്താനായതുകൊണ്ട് കൂടുതല് അപകടകരമായ സാഹചര്യം ഒഴിവാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ ആക്ഷന് പ്ലാന് തയ്യാറാക്കിയായിരുന്നു പ്രവര്ത്തനം. 19 ടീമുകള് അടങ്ങിയ കോര് കമ്മിറ്റി രൂപീകരിച്ചു. അടിസ്ഥാന സൗകര്യങ്ങള് ഉറപ്പാക്കി. 1286 പേരാണ് സമ്പര്ക്ക പട്ടികയിലുള്ളത്. 276 പേര് ഹൈ റിസ്ക് വിഭാഗത്തില് പെടുന്നവരാണ്. 122 പേര് രോഗികളുടെ ബന്ധുക്കളാണ്. 118 ആരോഗ്യപ്രവര്ത്തകരുമുണ്ട്. 994 പേര് നിലവില് നിരീക്ഷണത്തിലുണ്ട്. ലക്ഷണങ്ങളുള്ള 394 പേരുടെ സാമ്പിള് ശേഖരിച്ചു. 267 പേരുടെ ഫലം പുറത്തുവന്നു. 6 പേരുടെ പരിശോധനാഫലമാണ് ഇതുവരെ പോസിറ്റീവായത്. ഒമ്പത് പേര് ഐസലേഷനിലുണ്ട്.

നിപ പ്രതിരോധത്തിന് എല്ലാ ക്രമീകരണവും ഒരുക്കി. മരുന്നുകള്, ആംബുലന്സ് എന്നിവയും സജ്ജമാക്കി. സമ്പര്ക്ക പട്ടികയില് ഉള്ളവരുടെ എണ്ണം ഇനിയും കൂടാന് സാധ്യതയുണ്ട്. സമ്പര്ക്ക പട്ടികയില് ഉള്ള കുട്ടികള്ക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് നിപ രോഗ നിര്ണയത്തിന് ലാബുകള് സജ്ജമാണ്. 2023ല് നിപ രോഗ ബാധ സംബന്ധിച്ച പ്രോട്ടോക്കോള് പരിഷ്കരിച്ചു. വവ്വാലുകളില് നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാന് ബോധവല്ക്കരണം നടത്തുന്നു. നിപ പ്രതിരോധത്തില് സര്ക്കാര് ജാഗ്രതയോടെയാണ് പ്രവര്ത്തിക്കുന്നത്. മാധ്യമ ജാഗ്രതയ്ക്ക് അഭിനന്ദനമറിയിച്ച മുഖ്യമന്ത്രി, ഭീതി പടര്ത്തുന്ന വാര്ത്തകള് നല്കരുതെന്നും ആവശ്യപ്പെട്ടു.

നിപ രണ്ടാം തരംഗമുണ്ടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും സാധ്യത തള്ളാന് സാധിക്കില്ല. കൂടുതല് വവ്വാലുകളുടെ സാമ്പിള് ശേഖരിക്കുന്നു. എന്തുകൊണ്ടാണ് വീണ്ടും കോഴിക്കോട് നിപ വന്നതെന്ന ചോദ്യത്തിന് ഐസിഎംആര് വ്യക്തമായ ഉത്തരം നല്കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളപ്പിറവി ദിനമായ നവംബര് ഒന്ന് മുതല് ഒരാഴ്ച കേരളീയം എന്ന പേരില് നടത്തുന്ന മഹോത്സവത്തിലൂടെ കേരളത്തിന്റെ നേട്ടം ജനങ്ങളില് എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറാണ് മുഖ്യപരിപാടി. ഭാവി കേരളത്തിന്റെ മാര്ഗ രേഖ തയ്യാറാക്കലാണ് ലക്ഷ്യമിടുന്നത്. പ്രദര്ശന മേളകളും നടത്തും. പ്രവാസി മലയാളികള് കേരളീയത്തിന്റെ ഭാഗമാകണം. കേരളീയത്തിന്റെ തുടര്പതിപ്പുകള് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.

ഭൂപതിവ് ഭേദഗതി എല്ഡിഎഫ് പ്രകടന പത്രികയില് ഉറപ്പ് പാലിക്കലാണെന്നും മുഖ്യമന്ത്രി. സംസ്ഥാന ചരിത്രത്തിലെ നിര്ണായക നിയമഭേദഗതിയാണ് നടപ്പിലാക്കിയത്. ആറ് പതിറ്റാണ്ട് കാലത്തെ ജനങ്ങളുടെ ഭൂപ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരമായി. ഭൂപതിവി ചട്ടത്തിലും മാറ്റം വരുത്തും. സ്വന്തം ഭൂമിയില് അവകാശം ഇല്ലാതെ കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. ഇടുക്കി ഉള്പ്പടെയുള്ള മലയോര മേഖലയിലെ ജനങ്ങള്ക്ക് ഭേദഗതി ആശ്വാസമാകും. വാണിജ്യ മേഖലയിലെ നിര്മ്മാണങ്ങള്ക്ക് ഒരളവ് വരെ ഇളവ് നല്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

To advertise here,contact us