ഗ്രോവാസുവിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിയ്യൂര് ജയിലില് തടവുകാരന്റെ നിരാഹാര സമരം

മാവോയിസ്റ്റ് കേസില് അറസ്റ്റ് ചെയ്യപ്പെട്ട വിചാരണ തടവുകാരനായ തമിഴ്നാട് സ്വദേശി ഡോ. ദിനേശാണ് രാഷ്ട്രീയ തടവുകാരുടെ അവകാശ ദിനമായ സെപ്തംബര് 13 ന് നിരാഹാര സമരം പ്രഖ്യാപിച്ചത്

തൃശ്ശൂര്: മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെ വിട്ടയ്ക്കുക, കേരള പ്രിസണ് റൂളില് രാഷ്ട്രീയ തടവുകാര് എന്ന വിഭാഗം ഉള്പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിയ്യൂര് ജയിലില് തടവുകാരന്റെ നിരാഹാര സമരം. മാവോയിസ്റ്റ് കേസില് അറസ്റ്റ് ചെയ്യപ്പെട്ട വിചാരണ തടവുകാരനായ തമിഴ്നാട് സ്വദേശി ഡോ. ദിനേശാണ് രാഷ്ട്രീയ തടവുകാരുടെ അവകാശ ദിനമായ സെപ്തംബര് 13 ന് നിരാഹാര സമരം പ്രഖ്യാപിച്ചത്.

94 വയസായ ഗ്രോ വാസുവിനെ ഉടന് കുറ്റവിമുക്തനാക്കി ജയില് മോചിതനക്കുക, കേരള പ്രിസണ് റൂളില് രാഷ്ട്രീയ തടവുകാര് എന്ന വിഭാഗം ഉള്പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് ഡോ. ദിനേശ് നിരാഹരത്തിലൂടെ ഉന്നയിക്കുന്നത്.

2021 ഫെബ്രുവരിയിലാണ് കോയമ്പത്തൂരില് ദന്ത ഡോക്ടറായിരുന്ന ദിനേശിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്. 2015 ല് നിലമ്പൂരില് വെച്ച് നടന്ന മാവോയിസ്റ്റുകളുടെ രഹസ്യ യോഗത്തില് പങ്കെടുത്തു എന്നതാണ് ദിനേശിന് നേരെ ആരോപിക്കപ്പെട്ട കുറ്റം.

സ്വാതന്ത്ര്യ സമര കാലത്ത് ലാഹോര് ഗൂഡാലോചനാ കേസില് അറസ്റ്റ് ചെയ്യപ്പെട്ട ജതിന് ദാസിന്റെ ഓര്മദിനമാണ് രാഷ്ട്രീയ തടവുകാരുടെ അവകാശ ദിനമായി ആചരിക്കപ്പെടുന്നത്. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്ക്ക് വേണ്ടി ജയിലില് നിരാഹാരമിരുന്ന അദ്ദേഹം 1929 സെപ്റ്റംബര് 13 ന് 63 ദിവസം നീണ്ട നിരാഹാര സമരത്തെ തുടര്ന്ന് മരണപ്പെടുകയായിരുന്നു.

To advertise here,contact us