അച്ചു ഉമ്മൻ രാഷ്ട്രീയത്തിൽ സജീവമാകുമോ? ചാണ്ടി ഉമ്മന്റെ മറുപടി ഇങ്ങനെ

കെഎസ്യുവിൽ സജീവപ്രവർത്തകയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. മികച്ച നേതാവായാണ് അച്ചുവിനെ രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തിയിട്ടുള്ളത്

കോട്ടയം: അച്ചു ഉമ്മൻ രാഷ്ട്രീയത്തിൽ സജീവമാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. അച്ചു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാട്ടിലേക്ക് എത്തിയതാണ്. കുടുംബജീവിതവുമായി മുന്നോട്ട് പോകാനാണ് അവർ ആഗ്രഹിക്കുന്നത്. വിദേശത്തേക്ക് അച്ചു മടങ്ങിപ്പോകുമെന്നും ചാണ്ടി ഉമ്മൻ റിപ്പോര്ട്ടറിനോട് പ്രതികരിച്ചു.

പുതുപ്പള്ളിയിൽ എംഎൽഎ ഓഫീസ് ഉണ്ടാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ ഓഫീസ് ഉണ്ടായിരുന്നില്ല. വീട്ടിലായിരുന്നു നാട്ടുകാർ വന്നു കണ്ടിരുന്നത്. അത് തന്നെ തുടരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. അക്കാര്യമൊക്കെ പിന്നീട് പറയാം എന്നാണ് ചാണ്ടി പ്രതികരിച്ചത്.

ഇന്ന് പുതുപ്പള്ളിയിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാനായി ചാണ്ടി ഉമ്മൻ പദയാത്ര നടത്തുകയാണ്. രാവിലെ വാകത്താനം നാലുന്നാക്കലിൽ നിന്നും പദ യാത്ര തുടങ്ങി. കുരോപ്പട ളാക്കാട്ടൂരിൽ ആണ് സമാപനം. ഏകദേശം 28 കിലോമീറ്റർ ദൂരമാണ് പദയാത്ര. തിങ്കളാഴ്ച ആണ് ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ. തിങ്കളാഴ്ച രാവിലെ 10ന് സ്പീക്കർ എ എൻ ഷംസീറിന് മുന്നിൽ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചൊല്ലും.

കെഎസ്യുവിൽ സജീവപ്രവർത്തകയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. മികച്ച നേതാവായാണ് അച്ചുവിനെ രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തിയിട്ടുള്ളത്. വിവാഹശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയ അച്ചു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. തനിക്കെതിരെയും കുടുംബത്തിനെതിരെയും ഉണ്ടായ സൈബർ ആക്രമണങ്ങളെ ശക്തമായ രീതിയിലാണ് അച്ചു നേരിട്ടത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷമുള്ള അച്ചുവിന്റെ പ്രതികരണവും വലിയ ചർച്ചയായിരുന്നു. ഉപതിരഞ്ഞെടുപ്പ് ഫലം ഉമ്മന്ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമാണ്. 53 കൊല്ലം ഉമ്മന്ചാണ്ടി ഇവിടെ എന്ത് ചെയ്തുവെന്ന് പലരും ചോദിച്ചു. അതിനും പുതുപ്പള്ളിയിലെ ജനം മറുപടി നല്കി. 53 കൊല്ലം ഉമ്മന്ചാണ്ടി ചെയ്തതൊക്കെ തന്നെ ഇവിടെ മതിയെന്ന് ജനം തീരുമാനിച്ചു. ജനം പ്രതികരിച്ചു. 53 കൊല്ലം കൈവെള്ളയില് വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കരങ്ങളില് ഭദ്രമാണ്. ഈ വലിയ വിജയം പുതുപ്പള്ളി സമ്മാനിച്ചിരിക്കുകയാണ്. അകമഴിഞ്ഞ നന്ദി എല്ലാവരോടുമായി അറിയിക്കുന്നു അച്ചു ഉമ്മന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അച്ചു വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുമോ എന്ന ചോദ്യം ഉയർന്നത്.

To advertise here,contact us