സഹതാപ തരംഗം എന്ന് ഇടതുപക്ഷം ആവർത്തിക്കുന്നത് കോൺഗ്രസിനെ കൊച്ചാക്കാൻ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഇടതുപക്ഷത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായില്ലെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മൻ്റെ വിജയം സഹതാപ തരംഗം എന്ന് ഇടതുപക്ഷം ആവർത്തിക്കുന്നത് കോൺഗ്രസിനെ കൊച്ചാക്കാനെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സർക്കാർ വിരുദ്ധ വികാരം പ്രതിഫലിച്ചു. പതിനായിരത്തിലധികം ഇടതു വോട്ടുകളും ചോർന്നു. ചാണ്ടി ഉമ്മൻ്റെ നാലിരട്ടി ഭൂരിപക്ഷം അത് വ്യക്തമാക്കുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഇടതു പക്ഷത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായില്ല. എം വി ഗോവിന്ദൻ്റെ വാക്കുകളിൽ അത് പ്രകടമാണ്. യാഥാർത്ഥ്യം കാണാൻ ഇടതുപക്ഷം ശ്രമിക്കണം. സിപിഐഎം വോട്ടുകൾ ചോർന്നതും അവർ പരിശോധിക്കട്ടെ. വിള്ളൽ ഉണ്ടായത് സിപിഐഎമ്മിൻ്റെ രാവണൻ കോട്ടയിലാണ്. വോട്ടുകളിൽ കുത്തനെയാണ് ഇടിവുണ്ടായതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

അതേസമയം, വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ ഇന്ന് പദയാത്ര നടത്തും. രാവിലെ വാകത്താനം നാലുന്നാക്കലിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കുരോപ്പട ളാക്കാട്ടൂരിൽ ആണ് സമാപിക്കുക. ഏകദേശം 28 കിലോമീറ്റർ ദൂരമാണ് പദയാത്ര. തിങ്കളാഴ്ച ആണ് ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ. തിങ്കളാഴ്ച രാവിലെ 10ന് സ്പീക്കർ എ എൻ ഷംസീറിന് മുന്നിൽ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചൊല്ലും.

To advertise here,contact us