തിരുവനന്തപുരം: പുതുപ്പള്ളിയിലെ ഇടതുമുന്നണിയുടെ തോൽവിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഒരക്ഷരം മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റേടം ഉണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല പറഞ്ഞു. പരാജയപ്പെടുമ്പോൾ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനെ രംഗത്തിറക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നത്.
സിപിഐഎമ്മും ബിജെപിയും ഇരുട്ടിൽ തപ്പുകയാണ്. ഇരു സർക്കാരുകളുടേയും വൈകല്യങ്ങൾക്ക് എതിരെയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ വോട്ട് ചെയ്തത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിരുന്നു പുതുപ്പള്ളിയിൽ കഴിഞ്ഞത്. കോൺഗ്രസിലെയും യുഡിഎഫിലെയും ഐക്യമാണ് വിജയത്തിന് കാരണമായത്. വിജയത്തിൽ അമിത ആഹ്ളാദമില്ല. പാർട്ടിയിലെ പരാതികൾ പരിഹരിച്ച് മുന്നോട്ടു പോകും. ഐക്യത്തോടെ നീങ്ങിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാൻ സിപിഐഎം കമ്മീഷനെ വെക്കാത്തത് എന്താണെന്നും പരിഹാസരൂപേണ ചെന്നിത്തല ചോദിച്ചു.
പുതുപ്പള്ളിയില്‍ ചരിത്ര വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത്. പിതാവിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുമ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ട് ചാണ്ടി ഉമ്മന്‍. 37,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് നല്‍കിയത്. ശക്തമായ സാന്നിധ്യമാകുമെന്ന് പ്രഖ്യാപിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വോട്ടുകളുടെ എണ്ണം അഞ്ചക്കം തികയ്ക്കാനും സാധിച്ചില്ല.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ ലഭിച്ച ലീഡ് അവസാനം വരെയും ചാണ്ടി ഉമ്മന്‍ നിലനിര്‍ത്തിയിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ചാണ്ടിക്ക് പിന്നിലാകേണ്ടി വന്നില്ല. ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ മാത്രം 5000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉറപ്പിച്ചത്. 5000ല്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ തവണത്ത ഭൂരിപക്ഷമായ 9044ഉം മറികടന്ന് ചാണ്ടി ഉമ്മന്‍ മുന്നേറി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഭൂരിപക്ഷം പതിനായിരവും ഇരുപതിനായിരവും കടന്ന് നാല്പതിനായിരത്തില് വരെ ഒരുഘട്ടത്തില്‍ എത്തിയിരുന്നു. ഉമ്മന്‍ചാണ്ടി തന്നെ മണ്ഡലത്തില്‍ നേടിയ 33,000 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ മറി കടന്നത്. 2011ല്‍ സിപിഐഎമ്മിന്റെ സൂസന് ജോര്‍ജിനെതിരെയാണ് ഉമ്മന്‍ചാണ്ടി 33,255 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയത്.
Story Highlights: Congress leader Ramesh Chennithala says Chief Minister Pinarayi Vijayan is not saying a word after the Left Front's defeat in Pudupally.