കൊച്ചി: നെല്ല് സംഭരണത്തില് സര്ക്കാരിനെ വിമര്ശിച്ച നടന് ജയസൂര്യക്ക് പിന്തുണയുമായി കൃഷ്ണപ്രസാദ്. കൃഷിക്കാരുടെ വേദന മനസ്സിലാക്കിയാണ് ജയസൂര്യ പ്രതികരിച്ചതെന്ന് കൃഷ്ണ പ്രസാദ് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു. ജയസൂര്യയെ പോലുള്ള ഒരു താരമോ തന്നെ പോലുള്ള ചെറിയ സെലിബ്രിറ്റികളോ ബുദ്ധിമുട്ടനുഭവിക്കുന്ന കര്ഷകര്ക്ക് വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഇക്കാര്യം ഇപ്പോള് ചര്ച്ചയിലേക്കെങ്കിലും വന്നത്. ആയിരക്കണക്കിന് കര്ഷകര്ക്ക് ഇപ്പോഴും നെല്ല് സംഭരിച്ചതിന്റെ തുക കിട്ടാനുണ്ടെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
'ജയസൂര്യ എന്റെ സുഹൃത്താണ്. കൃഷ്ണപ്രസാദിന്റെ പൈസ കിട്ടാന് വേണ്ടിയല്ല കൃഷിക്കാരുടെ പൈസ നല്കണം എന്നാവശ്യപ്പെട്ടാണ് കര്ഷകര് സമരം ചെയ്തത്. എന്റെ സുഹൃത്തായതുകൊണ്ടും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള് ജയസൂര്യയുമായി സംസാരിക്കാറുണ്ട് എന്നതിനാലുമാണ് ഒരു വേദി കിട്ടിയപ്പോള് ജയസൂര്യ പ്രശ്നങ്ങള് ഉന്നയിച്ചത്. ആയിരക്കണക്കിന് കര്ഷകര്ക്ക് ഇപ്പോഴും പൈസ കിട്ടാനുണ്ട്. കര്ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാനാണ് സമരവുമായി ഇറങ്ങിയത്. എത്രയും പെട്ടെന്ന് ഇക്കാര്യത്തില് സര്ക്കാര് ഇടപെടണം', കൃഷ്ണപ്രസാദ് പറഞ്ഞു.
'മന്ത്രിമാരെ ഇരുത്തികൊണ്ട് പറഞ്ഞതിനാലാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ മന്ത്രിമാരെ കണ്ട് നിവേദനം നല്കിയിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല. ജയസൂര്യയെ പോലുള്ള ഒരു നടനോ എന്നെ പോലുള്ള ചെറിയ സെലിബ്രിറ്റികളോ എന്തെങ്കിലും ഈ രീതിയില് ബുദ്ധിമുട്ടനുഭവിക്കുന്ന കര്ഷകര്ക്ക് വേണ്ടി സംസാരിച്ചതുകൊണ്ടല്ലേ. കൃഷി മന്ത്രി നല്ല കര്ഷകനാണ്. അദ്ദേഹത്തിന് കര്ഷകന്റെ പ്രശ്നങ്ങള് മനസ്സിലാവും. കേന്ദ്രത്തില് നിന്നാണോ സംസ്ഥാന സര്ക്കാരില് നിന്നാണോ പൈസ കിട്ടേണ്ടത് എന്നതല്ല വിഷയം. കൃഷിക്കാരന് ഇതിന് മുമ്പ് ഒരു മാസത്തിനുള്ളില് കിട്ടികൊണ്ടിരുന്ന പൈസ ഇന്ന് അഞ്ച് മാസമായിട്ടും കിട്ടിയിട്ടില്ല. പൈസ കിട്ടാനുള്ള കര്ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ ആത്മധൈര്യം നല്കാനാണ് ഈ കര്ഷക കൂട്ടായ്മ. അവര്ക്ക് സര്ക്കാരാണ് ആശ്വാസം നല്കേണ്ടത്', കൃഷ്ണപ്രസാദ് കൂട്ടിച്ചേര്ത്തു.