കോഴിക്കോട്: നടന് ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരന് എംപി. ജയസൂര്യ പറഞ്ഞത് കര്ഷകരുടെ വികാരമാണ്. കൃഷി മന്ത്രിക്ക് വേദിയില് തന്നെ മറുപടി പറയാമായിരുന്നില്ലേ. കൃഷി മന്ത്രിയല്ലാതെ മറ്റാരും ഈ നാട്ടില് കൃഷിയിറക്കുന്നില്ലെന്നും കെ മുരളീധരന് പറഞ്ഞു.
'മന്ത്രിയുടെ സിനിമയാണ് പൊട്ടിപ്പോയത്. മന്ത്രിയല്ലാതെ കര്ഷകരാരും ഇവിടെ കൃഷിയിറക്കുന്നില്ല. സ്റ്റേജില് വെച്ച് തന്നെ മറുപടിക്ക് മറുപടി നല്കാമായിരുന്നില്ലേ', കെ മുരളീധരന് ചോദിച്ചു.
ഓണക്കിറ്റ് വിതരണത്തിലും കെ മുരളീധരന് സര്ക്കാരിനെ നടന്നാക്രമിച്ചു. കിറ്റ് വിതരണത്തിലൂടെ അധികാരത്തില് എത്തിയ എല്ഡിഎഫ് സര്ക്കാരിന് കിറ്റ് വിതരണം പൂര്ത്തിയാക്കാന് ആയില്ല. എംഎല്എമാര്ക്കും എംപിമാര്ക്കും കിറ്റ് കൊടുത്തയച്ചു. താന് അത് നിരസിക്കുകയായിരുന്നുവെന്നും എംപി കൂട്ടിച്ചേര്ത്തു.
നെല്ല് സംഭരിച്ചിട്ടും കര്ഷകര്ക്ക് ന്യായമായ വില നല്കിയില്ലെന്നായിരുന്നു ജയസൂര്യ മന്ത്രിമാരെ വേദിയിലിരുത്തി വിമര്ശിച്ചത്. കര്ഷകര് അവഗണന നേരിടുന്നുവെന്നും അവരുടെ ആവശ്യങ്ങള് നിറവേറ്റണമെന്നുമാണ് നടന് വേദിയില് പറഞ്ഞത്. സപ്ലൈകോയില് നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല് തിരുവോണ ദിനത്തില് പല കര്ഷകരും ഉപവാസ സമരത്തിലാണ്. പുതു തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര് കൃഷിക്കാര്ക്ക് എന്താണ് സര്ക്കാരില് നിന്ന് ലഭിക്കുന്നതെന്ന് അറിയണമെന്നും മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടന് വിമര്ശിച്ചിരുന്നു.
എന്നാല് നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുന്പ് കൊടുത്തു തീര്ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണ് ജയസൂര്യ ചെയ്തതെന്നും പി പ്രസാദ് മറുപടി നല്കിയിരുന്നു. കെടുകാര്യസ്ഥത കാരണമാണ് കൊടുക്കാന് അല്പമെങ്കിലും വൈകിയതെന്നും പി പ്രസാദ് വിശദീകരിച്ചു.