ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെന്ന് സിഎംഡി; കെഎസ്ആര്ടിസിയെ സഹായിക്കുന്നുണ്ടെന്ന് സര്ക്കാര്

ശമ്പളം മുടങ്ങിയത് ചോദ്യം ചെയ്ത് നല്കിയ ഹര്ജിയിലാണ് സിഎംഡിയുടെ വിശദീകരണം.

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം നല്കാനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചുവെന്ന് കെഎസ്ആര്ടിസി സിഎംഡി ബിജു പ്രഭാകര്. ശമ്പളം മുടങ്ങിയത് ചോദ്യം ചെയ്ത് നല്കിയ ഹര്ജിയിലാണ് സിഎംഡിയുടെ വിശദീകരണം.

കെഎസ്ആര്ടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് സര്ക്കാര് അഭിഭാഷകന് വിശദീകരിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും കെഎസ്ആര്ടിസിയെ സഹായിക്കുന്നുണ്ടെന്നും സര്ക്കാര് അറിയിച്ചു. കെഎസ്ആര്ടിസിയെ രക്ഷിക്കാനുള്ള മാര്ഗ്ഗങ്ങളെക്കുറിച്ച് അറിയിക്കാന് സര്ക്കാരിന് അടുത്ത മാസം 15 വരെ ഹൈക്കോടതി സമയം നല്കി. ഓണ്ലൈനില് ഹാജരായാണ് ബിജു പ്രഭാകര് വിശദീകരണം നല്കിയത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്ജി പരിഗണിക്കുന്നത്.

ജീവനക്കാര്ക്ക് ഇതുവരെ രണ്ടാം ഗഡു ശമ്പളം കൊടുക്കാന് കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നല്കാനുള്ള 80 കോടി രൂപ ഉടനെ നല്കി ഹൈക്കോടതി നിര്ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജു ധനകാര്യമന്ത്രിക്ക് ഫയല് കൈമാറിയിരുന്നു.

To advertise here,contact us