മുസ്ലിം ലീഗ് പരാതി; അംഗത്വ വിതരണത്തിൽ യൂത്ത് കോൺഗ്രസിന് ഡിസിസിയുടെ മുന്നറിയിപ്പ്

തിരഞ്ഞെടുപ്പിൽ ചെറിയ പാളിച്ചകൾ ഉണ്ടായെന്നും ലീഗ് പരാതി രമ്യമായി പരിഹരിച്ചെന്നും ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ

കോഴിക്കോട് : സംഘടനാ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് മുന്നറിയിപ്പ് നൽകി കോഴിക്കോട് ഡിസിസി. മുസ്ലിം ലീഗ് പ്രവർത്തകരുടെ വോട്ട് പിടിച്ച് ലീഗിൻ്റെ സംഘടനാ സംവിധാനത്തെ ദ്രോഹിക്കുന്ന നടപടി അനുവദിക്കില്ല. തിരഞ്ഞെടുപ്പിൽ ചെറിയ പാളിച്ചകൾ ഉണ്ടായെന്നും ലീഗ് പരാതി രമ്യമായി പരിഹരിച്ചെന്നും ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

ലീഗ് പ്രവർത്തകരെ യൂത്ത് കോൺഗ്രസാക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെട്ടത്. ഗ്രൂപ്പ് തിരിഞ്ഞുള്ള വാശിയേറിയ മത്സരത്തിൽ പരാമവധി വോട്ട് പിടിക്കാനാണ് യൂത്ത് കോൺഗ്രസുകാർ അംഗത്വ വിതരണത്തിനായി ലീഗുകാരുടെ വീട് കയറിയത്. പരാതി ഉന്നയിച്ച അരിക്കുളത്തെ ലീഗ് നേതാക്കളുമായി ചർച്ച നടത്തിയ കോൺഗ്രസ് നേതാക്കൾ ഇനി ഇത്തരം വോട്ട് പിടുത്തം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ അരിക്കുളം പഞ്ചായത്തിലെ മുന്നണി സംവിധാനത്തിൽ നിന്ന് വിട്ടുനിൽക്കാനള്ള തീരുമാനത്തിൽനിന്ന് ലീഗ് പിൻമാറി.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. പരമാവധി അംഗങ്ങളെ ചേർത്ത് വോട്ട് നേടാൻ പാർട്ടി മാറി ആളെ പിടിക്കുന്നുവെന്നത് മുന്നണി ബന്ധം വഷളാക്കാൻ കാരണമായി. അരിക്കുളത്ത് മാത്രമല്ല മറ്റ് പഞ്ചായത്തുകളിലും ലീഗ് പ്രവർത്തകരെ യൂത്ത് കോൺഗ്രസാക്കുന്നുവെന്ന് പരാതിയുണ്ട്.

To advertise here,contact us