വിവാദങ്ങൾക്ക് അവസാനം: കണ്ണൂര് സര്വ്വകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റ് പ്രിയ വര്ഗീസ്

ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ അനുകൂല ഉത്തരവ് വന്നതിനു പിന്നാലെയാണ് കണ്ണൂര് സര്വ്വകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായി പ്രിയ വര്ഗീസ് നിയമിതയായത്

കണ്ണൂര്: കണ്ണൂര് സര്വ്വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്ഗീസ് ചുമതലയേറ്റു. രാവിലെ താവക്കരയിലെ സര്വ്വകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ ചുമതലയേറ്റത്. നിയമനത്തിനെതിരെ യുജിസി നല്കിയ ഹര്ജി സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് പ്രിയ വര്ഗീസ് പറഞ്ഞു.

ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ അനുകൂല ഉത്തരവ് വന്നതിനു പിന്നാലെയാണ് കണ്ണൂര് സര്വ്വകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായി പ്രിയ വര്ഗീസ് നിയമിതയായത്. നിയമനം സംബന്ധിച്ച് അനുകൂല നിയമോപദേശം ലഭിച്ച ശേഷം ജൂണ് 30ന് സര്വ്വകലാശാല പ്രിയക്ക് ജോലിയില് പ്രവേശിക്കാന് ഉത്തരവ് നല്കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് പത്തരയോടെ രജിസ്ട്രാര് ഇന് ചാര്ജ് ജോബി കെ ജോസിന് മുന്നിലെത്തി പ്രിയ ജോലിയില് പ്രവേശിച്ചത്.

നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഇന്നലെ യുജിസി സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പ്രിയ ജോലിയില് പ്രവേശിച്ചത്. മലയാള വിഭാഗം പ്രവര്ത്തിക്കുന്ന നീലേശ്വരം കാമ്പസില് ഇന്നു തന്നെ പ്രിയ ജോലിയില് പ്രവേശിക്കും. എന്നാല് നിയമനം സംബന്ധിച്ച ഹര്ജികളില് തന്റെ ഭാഗം കൂടി കേട്ട ശേഷമേ തീരുമാനമെടുക്കാന് പാടുള്ളൂ എന്നാവശ്യപ്പെട്ട് പ്രിയ വര്ഗീസ് നേരത്തെ തന്നെ സുപ്രീം കോടതിയില് തടസ ഹര്ജി ഫയല് ചെയ്തിട്ടുണ്ട്.

To advertise here,contact us