വിശപ്പ് മാറ്റുന്ന 'സ്നേഹ' പൊതിച്ചോര്; ഡിവൈഎഫ്ഐയുടെ പൊതിച്ചോര് വിതരണം വാര്ത്തയാക്കി ഗാര്ഡിയന്

ദിവസവും 40,000 രോഗികള്ക്ക് ഭക്ഷണം നല്കുന്ന പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്ഡിയന് റിപ്പോര്ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ സര്ക്കാര് ആശുപത്രികളിലെത്തുന്ന രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കും ഭക്ഷണം നല്കുന്ന ഡിവൈഎഫ്ഐയുടെ ഹൃദയപൂര്വ്വം പൊതിച്ചോര് പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്ഡിയന്. ദിവസവും 40,000 രോഗികള്ക്ക് ഭക്ഷണം നല്കുന്ന പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്ഡിയന് റിപ്പോര്ട്ട് ചെയ്യുന്നു.

2017ലാണ് ഡിവൈഎഫ്ഐ പൊതിച്ചോര് വിതരണം ആരംഭിച്ചത്. ആഘോഷ ദിവസങ്ങള് ഉള്പ്പെടെ വര്ഷത്തില് 365 ദിവസവും പൊതിച്ചോര് വിതരണം ചെയ്യുന്നുണ്ട്. പ്രാദേശിക അടിസ്ഥാനത്തില് സംഘടനാ നേതൃത്വം മുന്കൂട്ടി തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരം വളന്റിയര്മാരുടെ നിര്ദേശങ്ങളുടെ അടിസ്ഥാനത്തില് ഓരോ കുടുംബങ്ങളില് നിന്നുമാണ് ഭക്ഷണം ശേഖരിക്കുന്നത്. വീട്ടുകാര് അവര്ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പേര്ക്ക് കഴിക്കാനുള്ള ഭക്ഷണം അധികം പാചകം ചെയ്ത് നല്കിയാണ് പൊതിച്ചോര് പദ്ധതിയോട് സഹകരിക്കുന്നത്. ഒന്ന് മുതല് പത്ത് വരെ പൊതിച്ചോറുകള് നല്കുന്ന കുടുംബങ്ങളുണ്ട്.

അധിക ചിലവോ, പാചകത്തിനും വിതരണത്തിനുമായ കേന്ദ്രീകൃത സംവിധാനങ്ങളോ ഇല്ലാതെ സംസ്ഥാന വ്യാപകമായി ഇത്രയധികം ഭക്ഷണം അര്ഹരായവരിലേക്ക് എത്തിക്കുന്ന മാതൃകയുടെ സവിശേഷതയാണ് ഗാര്ഡിയന് പ്രത്യേകമായി പരാമര്ശിക്കുന്നത്. ഒരു വാഴയിലയില് കെട്ടി കടലാസില് പൊതിഞ്ഞ് വെക്കുന്ന ഭക്ഷണം ഡിവൈഎഫ്ഐയുടെ വളന്റിയര്മാര് വീടുകളിലെത്തി ശേഖരിക്കാറാണ് പതിവ്. ഇത്തരത്തില് ശേഖരിക്കുന്ന ഭക്ഷണപൊതികള് ഉച്ചയോടെ സംസ്ഥാനത്തെ ആശുപത്രികളിലെ രോഗികള്ക്കിടയില് വിതരണം ചെയ്യും. ആശുപത്രികളില് കഴിയേണ്ടി വരുന്ന പാവപ്പെട്ട കുടുംബങ്ങളിലെ രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കും പൊതിച്ചോര് വലിയ ആശ്വാസമാണ്.

ചില കുടുംബങ്ങള് അഞ്ചും ആറും പൊതിച്ചോറുകള് തയ്യാറാക്കി നല്കും. ദിവസവും പത്ത് പൊതിച്ചോറുകള് നല്കുന്നവരുമുണ്ട്. ജോലിക്ക് പോകുന്ന സ്ത്രീകള് പോലും രാവിലെ ഭക്ഷണമുണ്ടാക്കി പൊതിഞ്ഞ് വയ്ക്കും. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന മനുഷ്യര്ക്ക് സ്വന്തം വീടുകളില് ലഭിക്കുന്നതിനേക്കാള് നല്ല ഭക്ഷണം പൊതിച്ചോറ് വഴി ലഭിക്കാറുണ്ട്. പൊതിച്ചോര് തുറക്കുന്ന മനുഷ്യരെ സന്തോഷിപ്പിക്കാന് ചിലര് രുചികരമായ വിഭവങ്ങള് ചോറിനൊപ്പം ചേര്ക്കും. ഓണത്തിന് രോഗികള്ക്ക് ലഭിക്കുക പായസവും പപ്പടവും ഉള്പ്പെടുന്ന വിഭവസമൃദ്ധമായ പൊതിച്ചോറായിരിക്കും. പൊതിച്ചോറുകള്ക്കൊപ്പം ചെറിയ സംഭാവന തുകകളും ആശ്വാസ വാക്കുകള് എഴുതിയ കത്തുകളുമെല്ലാം ചില വീട്ടുകാര് ഉള്പ്പെടുത്തുന്നത് നേരത്തെ തന്നെ ശ്രദ്ധയാകര്ഷിച്ചിരുന്നു, റിപ്പോര്ട്ടില് പറയുന്നു.

ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനപ്പുറം ജാതി മത വ്യത്യാസമില്ലാതെ മനുഷ്യര് ഭക്ഷണം കഴിക്കുന്ന സാഹചര്യമാണ് പൊതിച്ചോറിലൂടെ സാധ്യമാവുന്നതെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം ഗാര്ഡിയനോട് പറഞ്ഞു.

താഴ്ന്ന ജാതിക്കാര് സ്കൂളില് ഭക്ഷണം പാചകം ചെയ്താല് ഉയര്ന്ന ജാതിക്കാരായ രക്ഷിതാക്കള് പ്രതിഷേധിക്കുന്നതും താഴ്ന്ന ജാതിക്കാര്ക്ക് ഭക്ഷണ ശാലകളില് പ്രത്യേക കപ്പും പ്ലേറ്റും നല്ക്കുന്നതുമെല്ലാം ഇന്ത്യയിലെ മറ്റിടങ്ങളില് കാണാം. എന്നാല് ഗുണഭോക്താവിന്റെ ജാതിയോ മതമോ നോക്കാതെ പതിനായിരങ്ങള്ക്കാണ് കേരളത്തിലെ കുടുംബങ്ങള് ഭക്ഷണമുണ്ടാക്കുന്നത്. ഗാര്ഡിയന് റിപ്പോര്ട്ടില് പറയുന്നു.

To advertise here,contact us