വിദ്വേഷ പ്രാചരണങ്ങളെ തോൽപ്പിച്ച് മിഷിഗൺ; ചരിത്രം കുറിച്ച് അബ്ദുള്‍ എല്‍ സെയ്ദ്

രാഷ്ട്രീയം പറഞ്ഞല്ല, മറിച്ച് വിദ്വേഷ പ്രചാരണങ്ങളിലൂടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എല്‍ സെയ്ദിനെ മിഷിഗണില്‍ നേരിട്ടത്

യുഎസ് സെനറ്റ് തെരഞ്ഞെടുപ്പ് ഫലം അക്ഷരാര്‍ത്ഥത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖത്തേറ്റ അടിയായിരുന്നു. ഇത്രത്തോളം വലിയ പരാജയം ട്രംപോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോ സ്വപ്‌നത്തില്‍ പോലും കണ്ടുകാണില്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സ്വയം അതികായനെന്ന് മേനി നടിക്കുന്ന ട്രംപിന്റെ രാഷ്ട്രീയ പരാജയമായും ഈ തോല്‍വിയെ വിലയിരുത്തണം.

കാന്‍സസും അയോവയും നോര്‍ത്ത് കാരോലീനയുമടക്കമുള്ള റിപ്പബ്ലിക്കന്‍ കോട്ടകളില്‍ ഡെമോക്രാറ്റുകള്‍ നേടിയ വിജയത്തേക്കാള്‍ ട്രംപിനെയും അദ്ദേഹത്തിന്റെ പിണിയാളുകളെയും അസ്വസ്ഥമാക്കുന്നത് മറ്റൊരു വിജയമായിരിക്കും, മിഷിഗണിലെ അബ്ദുള്‍ എല്‍ സെയ്ദിന്റേത്.

രാഷ്ട്രീയം പറഞ്ഞല്ല, മറിച്ച് വിദ്വേഷ പ്രചാരണങ്ങളിലൂടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എല്‍ സെയ്ദിനെ മിഷിഗണില്‍ നേരിട്ടത്. അദ്ദേഹത്തിന്റെ മതത്തെയും കുടുംബത്തെയും കേന്ദ്രീകരിച്ചായിരുന്നു റിപ്പബ്ലിക്കന്‍മാരുടെ പ്രചാരണം. എന്നാല്‍ സാധാരണക്കാരെ ബാധിക്കുന്ന ആരോഗ്യസംരക്ഷണം, ജീവിതച്ചെലവ്, കോര്‍പ്പറേറ്റ് സ്വാധീനം, വിദേശനയം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു എല്‍-സെയ്ദ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലമോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തി മിഷിഗണിന്റെ ശബ്ദമാകാന്‍ സെനറ്റിലേക്ക്. യു.എസ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ മുസ്‌ലിം എന്നതിനൊപ്പം വിദ്വേഷ പ്രചരണങ്ങളെ തകര്‍ത്തെറിഞ്ഞ വിജയമെന്ന രീതിയിലും 48കാരന്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുകയാണ്.

ആരാണ് അബ്ദുള്‍ എല്‍ സെയ്ദ്?

ഈജിപ്തില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകനായ അമേരിക്കന്‍-അറബ് വംശജനാണ് എല്‍ സെയ്ദ്. പൂര്‍ണനാമം അബ്ദുല്‍റഹ്‌മാന്‍ മുഹമ്മദ് എല്‍-സെയ്ദ്. 1984ല്‍ മിഷിഗണിലെ റോച്ചര്‍ ഹില്‍സില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. പിന്നാലെ കൊളംബിയ സര്‍വകലാശാലയില്‍നിന്ന് മെഡിക്കല്‍ ബിരുദവും ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് പൊതുജനാരോഗ്യത്തില്‍ ഡോക്ടറേറ്റുംകരസ്ഥമാക്കി.

അക്കാദമിക രംഗത്തുനിന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തനത്തിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

2015 മുതല്‍ 2017 വെയ്ന്‍ കൗണ്ടിയുടെ ഹെല്‍ത്ത് ഡയറക്ടറായിരുന്ന അദ്ദേഹം, 2018ല്‍ മിഷിഗണ്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ മത്സരിച്ചെങ്കിലും പ്രൈമറിയില്‍ പരാജയപ്പെട്ടു. എട്ട് വര്‍ഷത്തിനുശേഷം അതേ സ്‌റ്റേറ്റില്‍ നിന്നും സെനറ്റിലേക്ക് ചരിത്ര വിജയവുമായി നടന്നുകയറുമ്പോള്‍ കാവ്യനീതിയെന്നുതന്നെ ഈ വിജയത്തെ വിശേഷിപ്പിക്കാനാകും.

നിലപാടുകള്‍, മുമ്പോട്ടുവെച്ച ആശയങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമന, ഇടതുപക്ഷ ആശയങ്ങളുമായി ബന്ധപ്പെട്ട നേതാവാണ് എല്‍ സെയ്ദ്. ബേണി സാന്‍ഡേഴ്‌സ് മുമ്പോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകളമായി ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം.

ഗസയിലെ ഇസ്രായേല്‍ നടപടികളെ വംശഹത്യയെന്ന് വിശേഷിപ്പിച്ച അദ്ദേഹം അമേരിക്കയുടെ ഇസ്രായേല്‍ നയത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇസ്രായേലിന് നല്‍കുന്ന അമേരിക്കന്‍ സൈനിക സഹായം അവസാനിപ്പിക്കണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

സമ്പന്നരില്‍നിന്നും വന്‍കിട കോര്‍പ്പറേഷനുകളില്‍നിന്നും കൂടുതല്‍ നികുതി ഈടാക്കുക, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്കായി പൊതുപണം കൂടുതല്‍ വിനിയോഗിക്കുക, കോര്‍പ്പറേറ്റ് ഫണ്ടിങ്ങും വന്‍കിട സംഭാവനകളും രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് നിയന്ത്രിക്കുക എന്നിവയും അദ്ദേഹം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

തെരഞ്ഞെടുപ്പ്

അമേരിക്കന്‍ രാഷ്ട്രീയത്തിലെ സുപ്രധാന സ്വിങ് സ്‌റ്റേറ്റുകളിലൊന്നായ (ഇരു പാര്‍ട്ടികള്‍ക്കും വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന സംസ്ഥാനം) മിഷിഗണില്‍ നിന്നും വിജയിച്ചുകയറുകയെന്നത് എല്‍ സെയ്ദിനെ സംബന്ധിച്ച് തീര്‍ത്തും വെല്ലുവിളി നിറഞ്ഞ കടമ്പ തന്നേയായിരുന്നു.

2024 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമൊപ്പം നിന്ന മിഷിഗണിന്റെ പൊളിറ്റിക്കല്‍ ഷിഫ്റ്റ് തനിക്ക് അനുകൂലമാക്കുക എന്നത് ഈ വെല്ലുവിളി കൂടുതല്‍ കടുപ്പമേറിയതാക്കി.

ട്രംപിന്റെ പിന്തുണയുണയുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക എന്നത് മാത്രമല്ല, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മിതവാദികളുടെയും പുരോഗമനവാദികളുടെയും വോട്ടുകള്‍ ഏകീകരിക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് എല്‍ സെയ്ദ് അമേരിക്കയിലെ ആദ്യ മുസ്‌ലിം സെനറ്ററായി ചരിത്രമെഴുതി.

ആരായിരുന്നു എതിരാളി?

മുന്‍ കോണ്‍ഗ്രസ് അംഗവും എഫ്ബിഐ ഏജന്റുമായ മൈക്ക് റോജേഴ്‌സായിരുന്നു സെനറ്റ് തെരഞ്ഞെടുപ്പില്‍ സെ്ദിന്റെ എതിരാളി. ഇസ്രായേലിനെ പിന്തുണച്ച അദ്ദേഹം കുടിയേറ്റമടക്കമുള്ള വിഷയങ്ങളാണ് പ്രചരണായുധമാക്കിയത്. എന്നാല്‍ ട്രംപിന്റെ താരിഫ് നയങ്ങളും ഇറാനുമായുള്ള യുദ്ധവും ഇന്ധനവില വര്‍ധനയും സംബന്ധിച്ച പൊതുജനങ്ങളുടെ ആശങ്കകള്‍ റോജേഴ്‌സിനും വെല്ലുവിളിയായി.

ട്രംപിന്റെ തെരഞ്ഞെടുപ്പ് തന്ത്രം - വംശീയപ്രചാരണം രാഷ്ട്രീയവും ജനങ്ങളെ ബാധിക്കുന്ന വിഷയവുമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം വംശീയത കൈമുതലാക്കി എല്‍ സെയ്ദിനെ ആക്രമിക്കുക എന്നതായിരുന്നു ട്രംപിന്റെയും റിപ്പബ്ലിക്കന്‍മാരുടെയും തെരഞ്ഞെടുപ്പ് തന്ത്രം. എല്‍ സെയ്ദിന്റെ പേരും മതവും വിശ്വാസവും കുടുംബപശ്ചാത്തലവുമെല്ലാം അവര്‍ ഇതിന് ഉപയോഗപ്പെടുത്തി. ഒന്നിന് പിന്നാലെ ഒന്നായി വിമര്‍ശനങ്ങള്‍ അവര്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു.

മുസ്‌ലിം ബ്രദര്‍ഹുഡുമായി എല്‍ സെയ്ദിന് ബന്ധമുണ്ടെന്നായിരുന്നു ഇവര്‍ ഉന്നയിച്ച ആദ്യ ആരോപണം. അമേരിക്കയുടെ സുരക്ഷയുടെ ഭാഗമായാണ് ഈ വിവാദത്തെ ഇവര്‍ ഉയര്‍ത്തിക്കാട്ടിയത്. കോളേജ് പഠനകാലത്ത് അദ്ദേഹം മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാഗമായിരുന്നുവെന്നടക്കമുള്ള ആരോപണങ്ങള്‍ ഇടതടവില്ലാതെ റിപ്പബ്ലിക്കന്‍ കേന്ദ്രങ്ങളില്‍ നിന്നും വന്നുകൊണ്ടേയിരുന്നു. എന്നാല്‍ ഇതിനൊന്നും യാതൊരു തെളിവുകളും ഹാജരാക്കാതെ ആരോപണങ്ങളുന്നയിക്കുക മാത്രമാണ് ഇവര്‍ ചെയ്തത്.

എല്‍ സെയ്ദിനെ ജിഹാദിയെന്നും കമ്യൂണിസ്‌റ്റെന്നും വിശേഷിപ്പിച്ചുകൊണ്ട് ട്രംപും പരസ്യമായി തന്നെ രംഗത്തെത്തി. സെനറ്റിലേക്ക് പ്രവേശിക്കാന്‍ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നുപോകേണ്ടിവരുമെന്ന അതിരുകടന്ന വഷളന്‍ പരാമര്‍ശവും അമേരിക്കന്‍ പ്രസിഡന്റ് നടത്തി. ഇവിടെയും അദ്ദേഹത്തിന്റെ മതവും വിശ്വാസവും തന്നെയാണ് ട്രംപ് ഉയര്‍ത്തിക്കാട്ടിയത്. അദ്ദേഹത്തിന്റെ പുരോഗമന ഇടതുപക്ഷ നിലപാടുകളെ അമേരിക്കന്‍ രാഷ്ട്രീയത്തിന് അനുയോജ്യമല്ലാത്ത തീവ്രനിലപാടുകളായി ചിത്രീകരിക്കാനും റിപ്പബ്ലിക്കന്‍മാര്‍ മത്സരിച്ചു.

എന്നാല്‍ ഈ വിദ്വേഷത്തെ മിഷിഗണ്‍ കൈവിടുകയും സാധാരണക്കാരന്റെ ആവശ്യങ്ങളെ ഉയര്‍ത്തിക്കാട്ടിയ എല്‍ സെയ്ദിന് കൈ കൊടുക്കുകയുമായിരുന്നു.

ഈ വിദ്വേഷത്തെ എല്‍ സെയ്ദ് നേരിട്ടതെങ്ങനെ താനൊരു മുസ്‌ലിം ആണെന്നും അറബ് വംശജനാണെന്നുമുള്ള തന്റെ മതപരമായ വ്യക്തിത്വം മറച്ചുവെക്കാന്‍ എല്‍ സെയ്ദ് ശ്രമിച്ചില്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മതവിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ക്ക് മത്സരിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടരുതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. മുസ്‌ലിം ബ്രദര്‍ഹുഡ്, ജിഹാദി തുടങ്ങിയ വിഷയങ്ങളില്‍ മാത്രം മറുപടി പറഞ്ഞ് സമയം ചെലവഴിക്കുന്നതിനുപകരം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കാണ് എല്‍ സെയ്ദ് ശ്രദ്ധ ക്ഷണിച്ചത്. ആരോഗ്യസംരക്ഷണം, വിലക്കയറ്റം, തൊഴിലവസരങ്ങള്‍, സമ്പന്നരില്‍നിന്നുള്ള നികുതി, കോര്‍പ്പറേറ്റ് സ്വാധീനം തുടങ്ങിയ വിഷയങ്ങള്‍ പ്രചാരണത്തിന്റെ കേന്ദ്രമാക്കി. ഈ പ്രചാരണങ്ങള്‍ക്ക് ബേണി സാന്‍ഡേഴ്‌സ് അടക്കമുള്ളവരുടെ പിന്തുണയും ലഭിച്ചു.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും അദ്ദേഹത്തിനായി പ്രചാരണത്തിനെത്തി.

നിങ്ങള്‍ വിദ്വേഷം തെരഞ്ഞെടുത്തു, മിഷിഗണ്‍ പ്രതീക്ഷയെയും

സംഭവബഹുലമായ തെരഞ്ഞെടുപ്പിനൊടുവില്‍ എല്‍ സെയ്ദ് മിഷിഗണിന്റെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ഡിട്രോയ്റ്റില്‍ നടന്ന വിജയപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു, You Chose Hate and Michigan Chose Hope, അഥവാ നിങ്ങള്‍ വിദ്വേഷം തെരഞ്ഞെടുത്തപ്പോള്‍ മിഷിഗണ്‍ പ്രതീക്ഷയെ തെരഞ്ഞെടുത്തിരിക്കുന്നു. അതെ, മിഷിഗണ്‍ പ്രതീക്ഷയെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രചാരണ വേളയില്‍ അദ്ദേഹം മുമ്പോട്ടുവെച്ചതും സാധാരണക്കാരന്റെ പ്രതീക്ഷയെ തന്നെയായിരുന്നു. ട്രംപിന്റെയും കൂട്ടരുടെയും വംശീയത നിറഞ്ഞ വിദ്വേഷത്തെ പരാജയപ്പെടുത്തിയതും ഇതേ പ്രതീക്ഷ തന്നെയായിരുന്നു. വിദ്വേഷ പ്രചാരണങ്ങള്‍ കൊണ്ട് ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറച്ചുവെക്കാനാകില്ലെന്നും, പകരം പ്രതീക്ഷയുടെയും മനുഷ്യത്വത്തിന്റെയും രാഷ്ട്രീയമാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്നും മിഷിഗണ്‍ തെളിയിച്ചുതരുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി അമേരിക്കന്‍ സെനറ്റിലേക്ക് കാലെടുത്തുവെക്കുമ്പോള്‍, വിദ്വേഷത്തിന്റെ കോട്ടകളില്‍ പ്രതീക്ഷയുടെ പുതിയൊരു പുലരിയെയാണ് എല്‍ സെയ്ദ് അടയാളപ്പെടുത്തുന്നത്.

Content Highlights: Abdul El Sayed makes history in Michigan, overcoming hate-driven campaigns and marking a significant moment in American politics and Muslim representation.

To advertise here,contact us