വാഷിങ്ടൺ: പെന്സില്വാനിയയില് തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില് തന്റെ ചെവിക്ക് വെടിയേറ്റതായി അമേരിക്കന് മുന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. അക്രമണത്തിനുശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. വലതുചെവിയുടെ മുകള്ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള് തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും അദ്ദേഹം അമേരിക്കൻ സാമൂഹ്യമാധ്യമമായ 'ട്രൂത്ത് സോഷ്യലി'ല് കുറിച്ചു.
'വലതുചെവിയുടെ മുകള്ഭാഗത്തായാണ് എനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള് തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. വലിയരീതിയില് രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായത്. വെടിവെപ്പ് നടന്നതിന് പിന്നാലെ ദ്രുതഗതിയില് ഇടപെട്ട യുഎസ് സീക്രട്ട് സര്വീസ് അംഗങ്ങള്ക്കും നിയമപാലകര്ക്കും നന്ദി അറിയിക്കുന്നു', ട്രംപ് കുറിച്ചു.
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്സില്വാനിയയില് നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില് ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. റാലിയില് പങ്കെടുത്ത മറ്റൊരാള്ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. സുരക്ഷാഉദ്യോഗസ്ഥരെത്തി ഉടന് തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര് അറിയിച്ചു. ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡൻ്റുമാരായ ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖര് രംഗത്തെത്തി. അമേരിക്കയിൽ ഇത്തരം ആക്രമണങ്ങൾക്ക് സ്ഥാനമില്ലെന്നും ഇത് ക്ഷമിക്കാന് കഴിയില്ലെന്നും ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി.
തൻ്റെ സുഹൃത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വളരെയധികം ആശങ്കാകുലനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. "എൻ്റെ സുഹൃത്ത് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തിൽ അഗാധമായ ആശങ്കയുണ്ട്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ," മോദി കുറിച്ചു.
'ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല'; ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളിയാണ് ട്രംപ്. വെടിയേറ്റ ട്രംപുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ചികിത്സയിലായതിനാൽ സാധിച്ചില്ലെന്നും ബൈഡൻ വ്യക്തമാക്കി. ട്രംപിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹവുമായി സംസാരിക്കാൻ വീണ്ടും ശ്രമിക്കുമെന്നും ബൈഡന് പറഞ്ഞു.
നമ്മുടെ ജനാധിപത്യത്തിൽ രാഷ്ട്രീയ അക്രമത്തിന് സ്ഥാനമില്ലെന്ന് ഒബാമ പറഞ്ഞു. 'ട്രംപിന് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നതിൽ നാമെല്ലാവരും ആശ്വസിക്കണം, മിഷേലും അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു', ഒബാമ എക്സിൽ കുറിച്ചു.