പാരിസ്: ഞായറാഴ്ച നടന്ന ഫ്രഞ്ച് പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലം ഫ്രാൻസിൻ്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതായി സിഎൻഎൻ റിപ്പോർട്ട്. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് 182 സീറ്റുകൾ നേടിയെന്നാണ് റിപ്പോർട്ട്. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ മധ്യവലതുപക്ഷ പാർട്ടിയായ എൻസെംബിൾ പാർട്ടി 163 സീറ്റുകളും തീവ്ര വലതുപക്ഷമായ ദേശീയ റാലിയും സഖ്യകക്ഷികളും 143 സീറ്റുകളും നേടിയെന്നാണ് റിപ്പോർട്ട്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകൾ നേടാൻ ആർക്കും സാധിച്ചിട്ടില്ല.
നേരത്തെ എക്സിറ്റ് പോള് ഫലസൂചനകള് ഫ്രാന്സില് ഇടതുപക്ഷ സഖ്യത്തിൻ്റെ മുന്നേറ്റം പ്രവചിച്ചിരുന്നു. ഫ്രാന്സില് രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ സൂചന നല്കുന്നതായിരുന്നു എക്സിറ്റ് പോള് ഫലങ്ങള്. വലിയ മുന്നേറ്റം പ്രതീക്ഷിക്കപ്പെട്ടിരുന്ന തീവ്രവലതുപക്ഷം മൂന്നാം സ്ഥാനത്തേയ്ക്ക് പോയപ്പോള് പ്രസിഡന്റ് ഇമ്മാനുവല് മാക്രേണ് നേതൃത്വം നല്കുന്ന മധ്യവലതുപക്ഷം രണ്ടാമതെന്നുമായിരുന്നു ഫലസൂചനകള്. പാരീസ് ഒളിമ്പിക്സിന് മൂന്നാഴ്ച മാത്രം ശേഷിക്കെ ഒരു മുന്നണിക്കും സര്ക്കാര് രൂപീകരിക്കാന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത തൂക്ക് പാര്ലമെന്റായിരിക്കുമെന്ന സൂചനകളായിരുന്നു പുറത്ത് വന്നത്.
ഫലസൂചനകള് പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി ഗബ്രിയേല് അത്തല് രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭിന്നതയിലായിരുന്ന സോഷ്യലിസ്റ്റുകളും ഗ്രിന്സും കമ്മ്യൂണിസ്റ്റുകളും ഫ്രാന്സിലെ തീവ്ര ഇടതുപക്ഷവും ഒരുമിച്ച് ചേര്ന്ന സഖ്യത്തിനാണ് എക്സിറ്റ് പോള് ഫലങ്ങള് മുന്നേറ്റം പ്രവചിച്ചത്. ഇടതുപക്ഷ സഖ്യം 172 മുതല് 215 സീറ്റുകള് വരെ നേടുന്നമെന്നായിരുന്നു ഫലസൂചന. പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ് നേതൃത്വം നല്കുന്ന മധ്യവലതുപക്ഷം 150- മുതല് 180 സീറ്റുകളും തീവ്രവലതുപക്ഷമായ നാഷണല് റാലി 115 മുതല് 155 വരെ സീറ്റുകളും നേടുമെന്നായിരുന്നു ഫലസൂചന.
തീവ്ര ഇടതുപക്ഷമായ ഫ്രാന്സ് അണ്ബോഡിന്റെ നേതാവും ഇടതുപക്ഷ സഖ്യത്തിന്റെ തലവനുമായ ജീന് ലൂക് മെലെന്ചോണ് ഇടതുപക്ഷത്തെ സര്ക്കാര് രൂപീകരിക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടതുപക്ഷം ഒരിക്കല് കൂടി രാജ്യത്തെ രക്ഷിച്ചെന്നായിരുന്നു മെലെന്ചോണിന്റെ പ്രതികരണം. രാഷ്ട്രീയ അസ്ഥിരതയ്ക്ക് പ്രസിഡന്റ് മാക്രോണിനെ കുറ്റപ്പെടുത്തി തീവ്രവലതുപക്ഷ നേതാവ് മറൈന് ലെ പെന് രംഗത്തെത്തിയിട്ടുണ്ട്.