റദ്ദാക്കിയ വിമാനത്തിന്റെ ടിക്കറ്റുകൾ വിറ്റ് യാത്രക്കാരെ പറ്റിച്ചു, 550 കോടി രൂപ പിഴയിട്ട് കോടതി

86000 യാത്രക്കാർക്കായി 13 മില്യൺ ഡോളർ നഷ്ടപരിഹാരമായും നൽകണം

കാൻബറ: റദ്ദാക്കിയ വിമാന സർവ്വീസുകളുടെ എയർ ടിക്കറ്റുകൾ വിറ്റ സംഭവത്തിൽ ഓസ്ട്രേലിയൻ വിമാനക്കമ്പനിക്ക് പിഴ. 66 മില്യൺ ഡോളറാണ് (5,50,47,43,200 രൂപ) ക്വാന്റാസ് എന്ന ഓസ്ട്രേലിയൻ വിമാനക്കമ്പനിക്ക് പിഴയിട്ടിരിക്കുന്നത്. യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്നത് ക്വാന്റാസ് സമ്മതിച്ചുവെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 86,000 യാത്രക്കാർക്കായി 13 മില്യൺ ഡോളർ നഷ്ടപരിഹാരമായും നൽകണം. സർവ്വീസ് റദ്ദാക്കുകയും കൃത്യമല്ലാതെ സർവ്വീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തതിൽ ബുദ്ധിമുട്ടിലായ യാത്രക്കാർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്.

ക്വാന്റാസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നാണ് ഓസ്ട്രേലിയയിലെ ഉപഭോക്തൃ കമ്മീഷൻ ചെയർപേഴ്സൺ ഗിന സാക്ക് ഗോട്ടിലെബ് നിരീക്ഷിച്ചു. റദ്ദാക്കിയ വിവാമന സർവ്വീസ് ബുക്ക് ചെയ്ത ധാരാളം യാത്രക്കാർ തങ്ങളുടെ അവധി, ബിസിനസ്, മറ്റ് അവശ്യയാത്രകൾക്ക് പദ്ധതിയിട്ടിരിക്കാം. രണ്ടോ അതിലധികമോ ഇത്തരത്തില് മുമ്പ് റദ്ദാക്കിയ വിമാനങ്ങളില് യാത്രക്കാർ ബുക്ക് ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ഉപഭോക്താക്കളെ നിരാശപ്പെടുത്തുകയും അതുവഴി കമ്പനി അധഃപതിക്കുകയും ചെയ്തുവെന്ന് ക്വാന്റാസ് ചീഫ് എക്സിക്യൂട്ടീവ് വനേസ്സാ ഹഡ്സൺ സ്വയം വിമർശിച്ചു. 'റദ്ദാക്കിയത് മുൻകൂട്ടി കൃത്യമായി അറിയിക്കാത്തത് ഞങ്ങളുടെ ഉപഭോക്താക്കളെ ബാധിച്ചുവെന്ന് എനിക്കറിയാം, മാപ്പ് ചോദിക്കുന്നു', അവർ പറഞ്ഞു. 103 വർഷം പഴക്കമുള്ള ഓസ്ട്രേലിയൻ വിമാനക്കമ്പനിയാണ് ക്വാന്റാസ്. ഇപ്പോൾ തങ്ങൾക്ക് നഷ്ടപ്പെട്ട സൽപ്പേര് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ക്വാന്റാസ്.

To advertise here,contact us