ഗാസ അൽഷിഫ ആശുപത്രിയില് ഇസ്രയേല് ആക്രമണം; 50 പേരെ കൊന്നതായി ഇസ്രയേല്

ആരോഗ്യപ്രവർത്തകരും പരിക്കേറ്റവരും സ്ത്രീകളുമടക്കം 180 പേരെ ഇസ്രയേൽ പിടികൂടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം

ഗാസ: ഗാസയിലെ അൽശിഫ ആശുപത്രിയിൽ ഇസ്രായേൽ കൂട്ടക്കുരുതിയിൽ 50 ലേറെ പേരെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. മരണ സംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് പലസ്തീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യപ്രവർത്തകരും പരിക്കേറ്റവരും സ്ത്രീകളുമടക്കം 180 പേരെ ഇസ്രയേൽ പിടികൂടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ആശുപത്രി പരിസരത്തും കടുത്ത ആക്രമണമാണ് ഇസ്രയേൽ അഴിച്ചുവിടുന്നത്. ഗസ്സയിൽ യുദ്ധം തുടങ്ങിയ ശേഷം ഇത് നാലാം തവണയാണ് അൽശിഫ ആശുപത്രി ഇസ്രയേൽ ആക്രമിക്കുന്നത്.

ഗാസ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയില് നിന്ന് രക്ഷ നേടുന്നതിന് സന്ധിയിലെത്താൻ ഹമാസും ഇസ്രായേലും തമ്മിൽ പരോക്ഷമായ ചർച്ചകൾ ആരംഭിച്ച ശേഷം ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസത്തിലാണെന്നാണ് മധ്യസ്ഥ സ്ഥാനം വഹിക്കുന്ന ഖത്തർ പറയുന്നത്. റഫയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ബോംബാക്രമണത്തെയും നാശനഷ്ടങ്ങളേയും പലസ്തീൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് വടക്കൻ ഗാസയിലെ ക്ഷാമം തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 7 മുതൽ ഗാസയ്ക്കെതിരായ ഇസ്രയേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 31,819 പലസ്തീനികൾ കൊല്ലപ്പെടുകയും 73,934 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

To advertise here,contact us