'പുടിൻ വിമർശകൻ നവാൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി'; അലക്സി നവാൽനിയുടെ വക്താവ്

'അലക്സിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി. ഞങ്ങളോടൊപ്പം ഈ ആവശ്യം ഉന്നയിച്ച എല്ലാവർക്കും വളരെയധികം നന്ദി'

മോസ്കോ: വ്ലാദിമിർ പുടിൻ വിമർശകൻ അലക്സി നവാൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറിയതായി അദ്ദേഹത്തിന്റെ വക്താവ്. അദ്ദേഹം മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹം കൈമാറിയതായി വക്താവ് അറിയിച്ചു. നവാൽനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകണമെന്ന് നിരവധിപ്പേർ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വക്താവ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'അലക്സിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി. ഞങ്ങളോടൊപ്പം ഈ ആവശ്യം ഉന്നയിച്ച എല്ലാവർക്കും വളരെയധികം നന്ദി,' നവാൽനിയുടെ വക്താവ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഫെബ്രുവരി 16-ന് വടക്കൻ സൈബീരിയയിലെ റഷ്യൻ ജയിലിൽ വെച്ചാണ് അലക്സി നവാൽനി അന്തരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനായ അലക്സി നവാൽനി ഈ ജയിലിൽ 19 വർഷത്തെ തടവ് അനുഭവിക്കുകയായിരുന്നു.

'മൂന്ന് ദിവസം മുമ്പ് പുടിൻ എൻ്റെ ഭർത്താവിനെ കൊന്നു'; കണ്ണീരടക്കി യൂലിയ നവൽനയ

കഴിഞ്ഞ ഒരാഴ്ചയായി അലക്സി നവാൽനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ അമ്മയ്ക്ക് വിട്ടുനൽകാൻ റഷ്യൻ അധികൃതർ വിസമ്മതിച്ചിരുന്നു. രഹസ്യമായി ശവസംസ്കാരം നടത്തുന്നതിന് അമ്മ സമ്മതിച്ചില്ലെങ്കിൽ ജയിൽ ഗ്രൗണ്ടിൽ തന്നെ അടക്കം ചെയ്യുമെന്ന് പ്രാദേശിക അന്വേഷകർ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് മൃതദേഹം ലഭിക്കുന്നതിന് കേസ് ഫയൽ ചെയ്തതായി നവൽനിയുടെ സംഘം വെള്ളിയാഴ്ച പറഞ്ഞിരുന്നു.

To advertise here,contact us