മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം; രണ്ടാംഘട്ട ചർച്ച നടന്നു

റിപ്പോർട്ട് പ്രകാരം നിലവിൽ 88 പേരടങ്ങുന്ന ഇന്ത്യൻ സൈന്യം മാലിദ്വീപിലുണ്ട്

മാലി: ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന മാലിദ്വീപിന്റെ ആവശ്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുളള രണ്ടാം ഘട്ട ചർച്ച നടന്നു. മാർച്ച് 15നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുരാഷ്ട്രങ്ങളിലെയും ഉന്നതതല കോർ ഗ്രൂപ്പ് ജനുവരി 14 ന് ആദ്യ യോഗം നടത്തിയിരുന്നു.

ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലാണ് ബുധനാഴ്ച കോർ ഗ്രൂപ്പിൻ്റെ യോഗം നടന്നത്. ഈ വിഷയത്തിൽ ഇരുവിഭാഗങ്ങൾക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുവെന്ന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സൈന്യത്തെ പിൻവലിക്കാൻ ഇരുവരും സമ്മതിച്ചതായി മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. മുഹമ്മദ് മുയിസുവിന്റെ ചൈന സന്ദർശനത്തിന് പിന്നാലെയാണ് സൈന്യത്തെ പിൻവലിക്കാൻ മാലിദ്വീപ് സമ്മർദ്ദം ചെലുത്തിതുടങ്ങിയതെന്നത് ശ്രദ്ധേയമാണ്. പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷമുള്ള മുയിസുവിന്റെ ആദ്യ ചൈന സന്ദർശനമായിരുന്നു അത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും മുയിസുവുമായുള്ള കൂടിക്കാഴ്ചയിൽ നയതന്ത്ര വിഷയങ്ങൾ ചർച്ചയായിരുന്നു.

റിപ്പോർട്ട് പ്രകാരം നിലവിൽ 88 പേരടങ്ങുന്ന ഇന്ത്യൻ സൈന്യം മാലിദ്വീപിലുണ്ട്. ഇവരോട് രാജ്യം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് വിദേശ സൈന്യമില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുയിസു പ്രസിഡന്റ് പദത്തിലേറിയതിന് പിന്നാലെ തന്നെ തന്റെ ഇന്ത്യ വിരുദ്ധ നിലപാട് വ്യക്തമാക്കുകയും ചൈനയോടടുക്കാനുള്ള താത്പര്യം പ്രകടമാക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യൻ സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിക്കുമെന്നതായിരുന്നു മുയിസു തിരഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച വാഗ്ദാനം.

'പരസ്പര സഹകരണത്തിനായുള്ള ശ്രമങ്ങൾ തുടരും'; മാലദ്വീപ് തർക്കത്തിൽ ഇന്ത്യ

മാലദ്വീപ് തിരഞ്ഞെടുപ്പിൽ ഇന്ത്യാ വിരുദ്ധ വികാരങ്ങൾ പ്രചാരണായുധമാക്കിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന് ഇലക്ഷന് ഒബ്സര്വേഷന് മിഷന് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സ്വാധീനങ്ങളെക്കുറിച്ചുള്ള ഭയവും രാജ്യത്തിനുള്ളിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ജനങ്ങളില് പ്രചരിപ്പിക്കാന് ശ്രമിച്ചുവെന്നായിരുന്നു 11 ആഴ്ച നീണ്ട നിരീക്ഷണങ്ങളിലൂടെ തയ്യാറാക്കിയ റിപ്പോര്ട്ട് വ്യക്തമാക്കിയത്.

To advertise here,contact us