ഡൽഹി: ജനുവരി 26 വെള്ളിയാഴ്ച രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. 1950-ൽ ഭരണഘടന നിലവിൽ വന്നതിന്റെയും ഇന്ത്യ റിപ്പബ്ലിക്കായതിന്റെയും ആഘോഷമാണ് റിപ്പബ്ലിക് ദിനം. ഡൽഹിയിലെ രാജ്പഥിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കും. ഇന്ത്യൻ സായുധ സേനയുടെ മാർച്ച് പാസ്റ്റും വിവിധ സംസ്ഥാനങ്ങളുടെ വൈവിധ്യവും സംസ്കാരവും പ്രകടമാകുന്ന പരിപാടികളും ചടങ്ങിൽ അവതരിപ്പിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ജനുവരി 29 ന് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങോടെ അവസാനിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷപരിപാടിയിൽ പങ്കെടുക്കുന്ന ഫ്രാൻസിൽ നിന്നുള്ള ആറാമത്തെ നേതാവാണ് മാക്രോൺ. ഈ വർഷം ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണ്. 2023 ജൂലൈ 14 ന് പാരീസിൽ നടന്ന ബാസ്റ്റിൽ ഡേ പരേഡിലെ വിശിഷ്ടാതിഥി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. 2023 സെപ്റ്റംബർ 9-10 തീയതികളിൽ ജി-20 ഉച്ചകോടിക്കായി പ്രസിഡന്റ് മാക്രോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിപ്പബ്ലിക് ദിന പരേഡിലേക്ക് ഒരു വിദേശ നേതാവിനെ ക്ഷണിക്കുന്നത്.
റിപ്പബ്ലിക് ദിന പരിപാടിയിലെത്തിയ മുഖ്യ അതിഥികൾ
ഇന്ത്യൻ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും അനുമതിയോടെ കേന്ദ്ര സർക്കാരാണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ആകേണ്ട രാജ്യത്തിന്റെ രാഷ്ട്രത്തലവനെയോ സർക്കാരിനെയോ ക്ഷണിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് ആറ് മാസം മുമ്പ് ക്ഷണിക്കും. ഇന്ത്യയും ബന്ധപ്പെട്ട രാജ്യവും തമ്മിലുള്ള ബന്ധം കണക്കിലെടുത്താണ് തീരുമാനം.