ഇസ്രയേലിനൊപ്പം ഉറച്ചു നില്ക്കുന്നുവെന്ന് ബ്ലിങ്കന്, പിന്തുണയ്ക്ക് നന്ദി അറിയിച്ച് നെതന്യാഹു

അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച നെതന്യാഹു ഐഎസിനെ പോലെ ഹമാസിനേയും തകർക്കണമെന്ന് അഭിപ്രായപെട്ടു.

ടെല് അവീവ്: അമേരിക്കന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രയേലിനൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് ആന്റണി ബ്ലിങ്കൻ നെതന്യാഹുവിനെ അറിയിച്ചു. "ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങൾ എവിടേക്കും പോകുന്നില്ല" എന്ന് നെതന്യാഹുവിന്റെ ഓഫീസിലെത്തി ബ്ലിങ്കൻ പിന്തുണ വാഗ്ദാനം ചെയ്തു. 'സ്വയം പ്രതിരോധിക്കാൻ നിങ്ങൾ ശക്തരായിരിക്കാം. എങ്കിലും അമേരിക്ക ഉള്ളിടത്തോളം നിങ്ങള്ക്ക് ഒറ്റയ്ക്ക് പൊരുതേണ്ടി വരില്ല. ഞങ്ങള് എപ്പോഴും നിങ്ങളുടെ പക്ഷത്തായിരിക്കും.' ബ്ലിങ്കന് പറഞ്ഞു.

അമേരിക്കയുടെ പിന്തുണക്ക് നന്ദി അറിയിച്ച നെതന്യാഹു ഐഎസിനെ പോലെ ഹമാസിനേയും തകർക്കണമെന്ന് അഭിപ്രായപെട്ടു. കൂടിക്കാഴ്ചയില് ഇരു നേതാക്കളും സ്ഥിതിഗതികള് വിലയിരുത്തി.

അതേസമയം ഇസ്രയേല്-പലസ്തീന് യുദ്ധത്തിന്റെ പശ്ചാത്തലത്തില് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സാദിദ് അല് നഹ്യാന് അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണില് ചര്ച്ച നടത്തി. ഇരു രാജ്യങ്ങളിലെയും സാഹചര്യം ഇരുവരും വിലയിരുത്തി. യുദ്ധം അവസാനിപ്പിക്കാന് അടിയന്തര ഇടപെടല് വേണമെന്ന് ഇരു രാഷ്ട്ര തലവന്മാരും ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട സമൂഹം ഒരുമിച്ച് പ്രവര്ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചൂണ്ടികാട്ടി.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും ഷേയ്ഖ് മുഹമ്മദും ജോ ബൈഡനും അഭിപ്രായപ്പെട്ടു. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്ക്ക് മാനുഷിക സഹായം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും വിലയിരുത്തി. ഇതിനായി സുരക്ഷിത ഇടനാഴി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇരു ഭരണാധികാരികളും ചര്ച്ച ചെയ്തു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും ഇസ്രയേല് ഹമാസ് യുദ്ധത്തില് ചർച്ച നടത്തിയിരുന്നു. പലസ്തീനെതിരെയുളള യുദ്ധക്കുറ്റങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തതായി ഇറാൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു. ഇരുനേതാക്കൾ തമ്മിലുളള ആദ്യ ഫോൺ സംഭാഷണമാണിത്.

To advertise here,contact us