അമേരിക്കയും ഇന്ത്യയും മുൻകൈ എടുക്കുന്ന ഇന്ത്യ-യൂറോപ്പ്-മിഡില് ഈസ്റ്റ് ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്

മധ്യപൂര്വ്വേഷ്യന് രാജ്യങ്ങളുമായും യൂറോപ്പുമായും ഇന്ത്യയെ ബന്ധിപ്പിക്കുന്ന വ്യാപാര ഇടനാഴിയാണ് ഈ നീക്കത്തിലൂടെ പ്രാവര്ത്തികമാകുന്നത്

ഡൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ-യൂറോപ്പ്-മിഡില് ഈസ്റ്റ് ഇടനാഴി രൂപപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. രാജ്യങ്ങളെ ബന്ധിപ്പിക്കുകയാണ് പ്രഥമപരിഗണനയെന്ന് വ്യക്തമാക്കിയ നരേന്ദ്രമോദി ഇത് അടുത്ത തലമുറയ്ക്ക് അടിത്തറ പാകുമെന്നും ചൂണ്ടിക്കാണിച്ചു. പുതിയ അവസരങ്ങള്ക്ക് വഴി തുറക്കുകയാണെന്ന് അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി. നിര്ദ്ദിഷ്ട ഇന്ത്യ-യൂറോപ്പ്-മിഡില് ഈസ്റ്റ് ഇടനാഴിയെ യഥാര്ത്ഥ വലിയ ഇടപാട് എന്നായിരുന്നു ബൈഡന് പ്രശംസിച്ചത്. ഇടനാഴിയുടെ വിജയത്തിനായി പ്രവര്ത്തിക്കുമെന്ന് ജര്മ്മന് ചാന്സലര് ഒലാഫ് ഷോൾസ് പറഞ്ഞു.

ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ജോര്ദാന് ഇസ്രായേല്, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യന് യൂണിയനും കണക്റ്റിവിറ്റിയിലും അടിസ്ഥാന സൗകര്യങ്ങളിലും സഹകരിക്കുന്ന സംരഭമെന്ന നിലയിലാണ് ഇന്ത്യ-യൂറോപ്പ്-മിഡില് ഈസ്റ്റ് ഇടനാഴി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. മധ്യപൂര്വ്വേഷ്യന് രാജ്യങ്ങളുമായും യൂറോപ്പുമായും ഇന്ത്യയെ ബന്ധിപ്പിക്കുന്ന വ്യാപാര ഇടനാഴിയാണ് ഈ നീക്കത്തിലൂടെ പ്രാവര്ത്തികമാകുന്നത്. ഇന്ത്യയെ കടലിലൂടെയും റെയില് മാര്ഗ്ഗവും മധ്യപൂര്വ്വേഷ്യന് രാജ്യങ്ങളുമായും യൂറോപ്പുമായും ബന്ധപ്പെടുത്തുന്ന ഈ പദ്ധതി ജി20 ഉച്ചകോടിക്കിടെ പ്രഖ്യാപിക്കപ്പെടുമെന്ന് നേരത്തെ വിദേശമാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. ഇന്ധന നീക്കത്തിനടക്കം ഈ ഇടനാഴി ഉപകാരപ്പെടുമെന്നാണ് കണക്കാക്കുന്നത്.

അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ, യുഎഇ, യൂറോപ്യന് യൂണിയന് എന്നിവര് ഇത് സംബന്ധിച്ച് ധാരണാപത്രം തയ്യാറാക്കിയതായും റിപ്പോര്ട്ടുകളുണ്ട്. അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ, യുഎഇ, യൂറോപ്യന് യൂണിയന് എന്നിവ ഉള്പ്പെടുന്ന സമഗ്ര ഗതാഗത സജ്ജീകരണം എന്ന ലക്ഷ്യത്തിലാണ് ധാരണാപത്രം തയ്യാറാക്കുന്നതെന്ന് നേരത്തെ അമേരിക്കന് പ്രസിഡന്റിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ് ഫൈനര് വ്യക്തമാക്കിയിരുന്നു.

ഡിജിറ്റല് കമ്മ്യൂണിക്കേഷനും ഇന്ധന-ഊര്ജ്ജ നീക്കവും സുഗമമാക്കുക എന്നാതാണ് ഇന്ത്യ-യൂറോപ്പ്-മിഡില് ഈസ്റ്റ് ഇടനാഴിയുടെ പ്രധാനലക്ഷ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇടത്തരം സമ്പദ് വ്യവസ്ഥയിലോ താഴ്ന്ന സാമ്പത്തിക അവസ്ഥയിലോ ഉള്ള രാജ്യങ്ങള്ക്ക് അവരുടെ പശ്ചാത്തലവികസനത്തിന് ആവശ്യമായ സഹായം ഈ ഇടനാഴി വഴി ലഭിക്കുമെന്നതാണ് മറ്റൊരു ലക്ഷ്യം. മധ്യപൂര്വേഷ്യന് മേഖലയിലെ സംഘര്ഷ സാഹചര്യവും അരക്ഷിതബോധവും തണുപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ നിലയിലുള്ള ആദ്യ സംരംഭമായിരിക്കും ഇത്തരത്തിലൊരു സംരംഭമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരിത്രപരമായ തുടക്കമെന്ന നിലയിലാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ചൈന നടപ്പിലാക്കുന്ന ബെല്റ്റ് റോഡ് ഇനീഷ്യേറ്റീവിന് ബദലാണ് അമേരിക്കയും ഇന്ത്യയും മുന്കൈ എടുക്കുന്ന ഇന്ത്യ-യൂറോപ്പ്-മിഡില് ഈസ്റ്റ് ഇടനാഴിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 90 രാജ്യങ്ങള് ബെല്റ്റ് റോഡ് പദ്ധതിയുമായി സഹകരിക്കാന് സമ്മതിച്ചതായി കഴിഞ്ഞ ദിവസം ചൈന അറിയിച്ചിരുന്നു. ബെല്റ്റ് റോഡ് ഇനീഷ്യേറ്റീവ് സംബന്ധിച്ച് കോണ്ഫറന്സ് ഒക്ടോബറില് നടക്കുമെന്നും ചൈന അറിയിച്ചിരുന്നു.

To advertise here,contact us