ഇന്ത്യക്കെതിരെ അഫ്ഗാന് 213 റൺസ് വിജയലക്ഷ്യം; രോഹിത് ശർമ്മയ്ക്ക് ടി 20യിൽ അഞ്ചാം സെഞ്ച്വറി

വേര്പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില് രോഹിത് ശർമ്മയും റിങ്കു സിങ്ങും ചേര്ന്ന് നേടിയ 190 റണ്സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്

ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി 20 മത്സരത്തില് 213 റണ്സിന്റെ വിജയലക്ഷ്യം കുറിച്ച് ഇന്ത്യ. ക്യാപ്റ്റന് രോഹിത് ശര്മ്മയുടെ തകര്പ്പന് സെഞ്ച്വറിയുടെ പിന്ബലത്തിലാണ് ഇന്ത്യ അഫ്ഗാനെതിരെ കൂറ്റന് വിജയലക്ഷ്യം കുറിച്ചത്. ട്വൻ്റി 20 രാജ്യാന്തര ചരിത്രത്തിൽ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ ബഹുമതിയും ഇതോടെ രോഹിത് സ്വന്തമാക്കി. 69 പന്തില് നിന്നും എട്ട് സിക്സറും 11 ബൗണ്ടറിയും അടക്കം 121 റണ്സ് നേടിയ രോഹിത് ശര്മ്മ പുറത്താകാതെ നിന്നു.

ഇന്ത്യന് നിരയില് ഓപ്പണര് യശ്വസി ജയ്സ്വാള് നാല് റണ്സും വിരാട് കോഹ്ലി റണ്സൊന്നും നേടാതെയും തുടക്കത്തില് തന്നെ പുറത്തായി. തുടര്ന്നെത്തിയ ശിവം ദുബൈയ്ക്കും സഞ്ജു സാംസണും പിടിച്ചു നില്ക്കാനായില്ല. 22 റണ്സിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യന് മുന്നിര തകര്ച്ചയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് രോഹിത് തകര്ത്ത് അടിച്ചത്. വേര്പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില് ഇരുവരും ചേര്ന്ന് 190 റണ്സിന്റെ കൂട്ടുകെട്ടുണ്ടാക്കി. റിങ്കുസിങ്ങ് 39 പന്തില് നിന്നും ആറ് സിക്സറിന്റെയും 2 ബൗണ്ടറിയുടെയും പിന്ബലത്തില് 69 റണ്സ് നേടി പുറത്താകാതെ നിന്നു.

ഇന്ത്യയുടെ മൂന്ന് മുന്നിര വിക്കറ്റുകള് നേടിയ ഫരീദ് അഹമ്മദ് മികച്ച തുടക്കമാണ് അഫ്ഗാന് നല്കിയത്. അസമത്തുള്ള ഒമര്സായി ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് നേരത്തെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

To advertise here,contact us