നീരജിന്റെ എതിരാളി ഇല്ല; ഏഷ്യൻ ഗെയിംസ് ജാവലിൻ ഫൈനൽ നാളെ

കിഷോർ കുമാറും ഇന്ത്യയ്ക്ക് വേണ്ടി ജാവലിൻ ത്രോ ഫൈനലിൽ മത്സരിക്കും

ഹാങ്ചൗ: പാകിസ്താൻ താരം അർഷാദ് നദീം ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി. ജാവലിൻ ത്രോ ഫൈനൽ നാളെ നടക്കാനിരിക്കെ പാക് താരത്തിന്റെ പിന്മാറ്റം. വലതു കാൽ മുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റമെന്ന് പാകിസ്താൻ അത്ലറ്റിക്സ് പ്രതികരിച്ചു. സെപ്റ്റംബർ 27നും ഒക്ടോബർ 2നും അർഷാദ് കാൽമുട്ടിന്റെ വേദനയെകുറിച്ച് അറിയിച്ചിരുന്നു. പിന്നാലെ ചികിത്സയ്ക്ക് വിധേയനാകാൻ താരത്തെ ഉപദേശിക്കുകയായിരുന്നു.

ഇന്ത്യൻ താരം നീരജ് ചോപ്രയുടെ പ്രധാന എതിരാളിയാണ് അർഷാദ് നദീം. തന്റെയും അർഷാദിന്റെയും മത്സരം കാണാനായി കായിക ലോകം കാത്തിരിക്കുന്നതായി നീരജ് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അർഷാദിനെതിരെ എപ്പോഴും തനിക്കായിരുന്നു ജയം. അർഷാദിനെതിരെ മത്സരിക്കുമ്പോൾ താൻ വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യുമെന്നും നീരജ് വ്യക്തമാക്കിയിരുന്നു.

ഡയമണ്ട് ലീഗ് ഫൈനൽസ് ഉൾപ്പടെ ഒഴിവാക്കിയാണ് അർഷാദ് ഏഷ്യൻ ഗെയിംസിന് തയ്യാറെടുത്തിരുന്നത്. ഏഷ്യൻ ഗെയിംസിൽ നീരജിനെ തോൽപ്പിക്കുകയായിരുന്നു അർഷാദിന്റെ ലക്ഷ്യം. നാളെ നടക്കുന്ന ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷയാണ് നീരജ് ചോപ്ര. കിഷോർ കുമാറും ഇന്ത്യയ്ക്ക് വേണ്ടി ജാവലിൻ ത്രോ ഫൈനലിൽ മത്സരിക്കും.

To advertise here,contact us