ന്യൂയോര്ക്ക് സിറ്റി: 2023 യുഎസ് ഓപ്പണ് പുരുഷ ഡബിള്സ് ഫൈനലിലേക്ക് ഒരു ചുവടകലെ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ. പുരുഷ ഡബിള്സില് സെമി ഫൈനലിലെത്തിയിരിക്കുകയാണ് ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡെനും ചേര്ന്നുള്ള സഖ്യം. ബുധനാഴ്ച നടന്ന ക്വാര്ട്ടര് ഫൈനല് മത്സരത്തില് അമേരിക്കയുടെ നഥാനിയല് ലാമോണ്സ്- ജാക്സണ് വിത്രോ സഖ്യത്തെ തോല്പ്പിച്ചാണ് സെമി ബെര്ത്ത് ഉറപ്പിച്ചത്. അതേസമയം പുരുഷ സിംഗിള്സില് നൊവാക് ജോക്കോവിച്ച് സെമിയിലെത്തി.
ആറാം സീഡായ ഇന്തോ-ഓസ്ട്രേലിയന് ജോഡി അമേരിക്കന് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് പോകേണ്ടി വന്നെങ്കിലും രണ്ടാം സെറ്റ് ബൊപ്പണ്ണയും എബ്ഡെനും അനായാസം കൈപ്പിടിയിലൊതുക്കി. 7-6, 6-1 എന്നാണ് സ്കോര്. സെമി ഫൈനല് പോരാട്ടത്തില് ഫ്രഞ്ച് ജോഡികളായ നിക്കോളാസ് മാഹട്ട്-പിയെറി ഹ്യൂസ് ഹെര്ബാര്ട്ട് സഖ്യത്തെയാണ് ബൊപ്പണ്ണ-എബ്ഡെന് സഖ്യം നേരിടുക.
സെര്ബിയന് സൂപ്പര് താരം നൊവാക് ജോക്കോവിച്ചിന്റെ തകര്പ്പന് തിരിച്ചുവരവിനാണ് പുരുഷ സിംഗിള്സ് ക്വാര്ട്ടര് മത്സരവേദി സാക്ഷ്യം വഹിച്ചത്. ക്വാര്ട്ടറില് അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകള്ക്ക് മുട്ടുകുത്തിച്ചാണ് 36 കാരനായ താരം അവസാന നാലിലെത്തിയത്. സ്കോര് 6-1, 3-6, 7-6, 6-2. സെമിയില് ജോക്കോവിച്ച് അമേരിക്കയുടെ ബെന് ഷെല്ട്ടണെ നേരിടും. ഇതോടെ കരിയറിലെ 47-ാമത് ഗ്രാന്ഡ് സ്ലാം സെമി ഫൈനലിലേക്കാണ് ജോക്കോ പ്രവേശിക്കാനൊരുങ്ങുന്നത്.